ഇന്ന് , 2019 സെപ്റ്റംബർ 5 അദ്ധ്യാപകദിനം

ഡോ.എസ്.രാധാകൃഷ്ണൻ ഇന്ത്യയുടെ രാഷ്ട്രപതിയായപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യന്മാരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ചു. അവരുടെ പ്രിയപ്പെട്ട അധ്യാപകന്റെ ജന്മദിനമായ സെപ്റ്റംബർ 5 ഒരു ആഘോഷമാക്കി മാറ്റാനാഗ്രഹിക്കുന്നുവെന്നും അതിന് അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. പക്ഷെ അദ്ദേഹമത് സ്നേഹപൂർവ്വം നിരസിച്ചു. ഒരു വ്യക്തിയുടെ ജന്മദിനം കൊണ്ടാടുന്നതിനോട് അദ്ദേഹത്തിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. പക്ഷെ അവര്‍ വിട്ടില്ല. ഒടുവിൽ തന്നെ സമീപിച്ചവരുടെ സ്നേഹനിർബന്ധങ്ങൾക്കൊടുവിൽ അദ്ദേഹം അവരോട് പറഞ്ഞു.“നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ സെപ്റ്റംബർ 5 എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിനു പകരം അധ്യാപകദിനം
എന്നപേരിൽ മുഴുവൻ അധ്യാപകർക്കും വേണ്ടി ആഘോഷിച്ചു കൂടേ.” തന്റെ ജന്മദിനം തനിക്കു വേണ്ടി ആഘോഷിക്കുന്നതിനു പകരം രാജ്യത്തെ ഓരോ അധ്യാപകർക്കും വേണ്ടി നീക്കിവെക്കണമെന്ന് പറയാനുള്ള സന്മനസ്സ് അദ്ദേഹം കാണിച്ചു.
ഭാരതീയരായ നാം 'മാതാ-പിതാ-ഗുരു ദൈവം' എന്ന് പഠിക്കുന്നവരാണല്ലോ. നമ്മുടെ സംസ്‌കാരവും ചൈതന്യവും ഗുരുക്കന്മാർക്ക് കല്‍പിച്ചു നല്‍കിയിട്ടുള്ള സ്‌ഥാനവും ഔന്നത്യവും സാമൂഹ്യനിർമിതിയിൽ അവർക്കുള്ള നിർണായക ഉത്തരവാദിത്വവും നാം മനസിലാക്കണം.മൂല്യബോധമുള്ള ഒരു തലമുറയുടെ രൂപീകരണം വിദ്യാഭ്യാസത്തിലൂടെ സാധ്യമാകണം. മൂല്യങ്ങൾ പറഞ്ഞ് പഠിപ്പിക്കാൻ സാധിക്കുകയില്ല. മൂല്യങ്ങൾ അധ്യാപകരിൽനിന്നും കുട്ടികൾ സ്വായത്തമാക്കണം. കുട്ടിയുടെ ആത്മാവിനെ പ്രചോദിപ്പിക്കുന്ന നിർമലവും സത്യസന്ധവുമായ പാഠങ്ങളാണ് പ്രാഥമിക കളരികളിൽ വിദ്യാർത്ഥികൾക്ക് നല്‍കേണ്ടത്.വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുക, അവരെ വളർത്തി കൊണ്ട് വരിക, പുതുമമങ്ങാതെ പഠിപ്പിക്കുക, വഴികാട്ടിയാകുക ഇതൊക്കെയാണ് അധ്യാപകന്റെ വിളിയും ദൗത്യവും. അധ്യാപനം തപസ്യയായി ഏറ്റെടുത്തവർക്കേ ഈ ബാധ്യത നിറവേറ്റാൻ സാധിക്കൂ.
സ്‌നേഹവും സഹാനുഭൂതിയുമാണ് അധ്യാപകന്റെ മുഖമുദ്ര. സിലബസില്‍ മാത്രം ഒതുങ്ങുന്നതല്ല അധ്യാപനം. ആഴമേറിയ അറിവും വിശാലദർശനവും സാമൂഹ്യ പ്രതിബദ്ധതയും അതിന് അനിവാര്യമാണ്.''അധ്യാപകർ സദാ പ്രകാശിച്ചുകൊണ്ടിരിക്കുന്ന വിളക്കായിരിക്കണം. ക്ലാസ് മുറികളിലും സിലബസിലും ഒതുങ്ങരുത് ".വിജ്‌ഞാനത്തിന്റെ പുത്തൻ പാതകൾ തുറന്ന് വിദ്യാർത്ഥി കളെ പ്രകാശപൂരിതമാക്കാൻ അധ്യാപക സമൂഹത്തിന് കഴിയണം .അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ,അറിവിൻ്റെ പാതയിൽ വെളിച്ചം വിതറിയ എൻ്റെ ഗുരുനാഥന്മാർക്കും പ്രണാമം.
പ്രൊഫ്.ജോൺ കുരാക്കാർ
No comments:
Post a Comment