Monday, 3 September 2018

MATHA GURUPRIYA ARTICLE-3

പുനര്ചിന്തനം
(ആത്യാത്മിക വഴിയിലൂടെ) ഒന്നാം ഭാഗം
മാതാഗുരുപ്രിയ
,ഗുരുപ്രീയമഠംകൊട്ടാരക്കര, വെട്ടിക്കവല പി.ഒഫോണ്‍ : 9447719657, 9074792733

(സാമൂഹ്യ സാംസ്ക്കാരിക ആദ്ധ്യാത്മീക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആദരണീയയായ  മാതാഗുരുപ്രീയ ശ്രി നാരായണാഗുരുവിൻറെ ദർശനങ്ങൾ  ഉൾകൊണ്ട  ഒരു ശ്രി നാരായണ ഭക്തയാണ് .അജ്ഞതയിലും അന്ധവിശ്വാസത്തിലും ആണ്ടുകിടന്ന നൂറുകണക്കിന് ആളുകളെ  വെളിച്ചത്തിലേക്ക് നയിക്കാൻ  മാതാഗുരുപ്രീയക്ക്‌ കഴിഞ്ഞിട്ടുണ്ട് .2004 ൽ  ആണ് സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകയായ  ശ്രിമതി. രത്നമണി  മാതാഗുരുപ്രീയ  എന്ന നാമഥേയത്തിൽ ആദ്ധ്യാത്മീക മേഖലയിലേക്ക് പ്രവേശിക്കുന്നത്.    ഭാരതത്തിനകത്തും പുറത്തുമായി വിവിധ സ്ഥലങ്ങൾ സന്ദർശിച്ച്  ഗുരുസന്ദേശം നൽകി വരുന്നു .)
ഈ സമീപസമയത്തുണ്ടായ പ്രകൃതിയുടെ മഹാപ്രതിഭാസം കേരളത്തില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഞെട്ടലേടെയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. പ്രളയത്തില്‍പ്പെട്ടുപോയ നമ്മുടെ സഹോദരജീവികള്‍ അനുഭവിച്ച ദുരിതങ്ങള്‍ വര്‍ണ്ണിക്കാവുന്നതിലും അതീതമാണ്.

ഒരുപക്ഷേ പ്രപഞ്ചത്തിന്റെ സൃഷ്ടിയുടെ തുടക്കം മുതല്‍ നാളിതുവരെയുള്ള കാലചക്രത്തിന്റെ കറക്കത്തില്‍ പ്രകൃതി നമുക്ക് തന്നിട്ടുള്ള സ്‌നേഹവും സ്വാന്തനവും, മറിച്ച് രൗദ്രഭാവവും, സംഹാരഭാവവും. ഇത് നമുക്ക് വ്യക്തമായും ഋഷീശ്വരന്മാര്‍ പറഞ്ഞിട്ടുള്ളതാണ്.ഈ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന്റെ അടിത്തറ സത്യത്തേയും ധര്‍മ്മത്തേയും ആശ്രയിച്ചാണ് എന്ന് പുരാണ പുസ്തകങ്ങളില്‍ അഥവാ രാമായണം, ഭാഗവതം, ഖുറാന്‍, ബൈബിള്‍, ഭഗവത്ഗീത മുതലായ മഹത്ഗ്രന്ഥങ്ങളില്‍ ഋഷീശ്വരന്മാര്‍ പ്രതിപാതിച്ചിട്ടുള്ളതാണ്.സത്യത്തേയും ധര്‍മ്മത്തേയും ആശ്രയിച്ചുള്ള പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന്റെ കണക്കുകൂട്ടല്‍ തെറ്റുമ്പോഴാണ്‍ പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുന്നത്. ധര്‍മ്മമാണ് പ്രപഞ്ചത്തിന്റെ പ്രാണവായു. അത് കുറയുമ്പോള്‍ ഉണ്ടാകുന്ന പ്രകൃതിക്ഷോഭം കാലാകാലങ്ങളില്‍ നടന്നു വരുന്ന ഒരു പ്രക്രിയയാണ്.

സത്യവും ധര്‍മ്മവും നിലനിര്‍ത്തി പ്രപഞ്ചത്തിന്റെ നിലനില്‍പ്പ് കാത്തുസൂക്ഷിക്കാന്‍ വിധിക്കപ്പെട്ടവരാണ് മനുഷ്യര്‍, മനുഷ്യര്‍ ദൈവത്തിന്റെ യന്ത്രങ്ങളാണ്. അങ്ങനെയുള്ള മനുഷ്യര്‍ മോഹവലയങ്ങളില്‍പ്പെട്ട് ഞാനെന്നും, എന്റേതെന്നും, എനിക്കെന്നുമുള്ള അവസ്ഥയിലേക്ക് കാടു കേറിയ ചിന്താഗതിയില്‍ അവരിലെ സത്യവും ധര്‍മ്മവും കൈവിട്ടുപോകുന്നു. അങ്ങനെ വരുമ്പോള്‍ ദൈവത്തിന്റെ, അഥവാ സൃഷ്ടികര്‍ത്താവിന്റെ യന്ത്രമായ മനുഷ്യര്‍ ഉപയോഗശൂന്യമായ വസ്തുക്കളായി മാറിക്കൊണ്ടിരിക്കുന്നു.അങ്ങനെയുള്ള മനുഷ്യരെ മനുഷ്യരൂപത്തിലുള്ള മൃഗങ്ങള്‍ എന്നാണ് ഋഷീശ്വരന്മാര്‍ വിശേഷിപ്പിച്ചിട്ടുള്ളത്.

അങ്ങനെയുള്ള സമയങ്ങളിലാണ് ലോകരക്ഷാര്‍ത്തം ഈശ്വരന്‍ മനുഷ്യരൂപത്തില്‍ വന്നവരാണ് നാം വിശ്വസിക്കുന്ന ശ്രീബുദ്ധന്‍, ശ്രീ യേശു, നബി തിരുമേനി, ശ്രീകൃഷ്ണന്‍, ശ്രീരാമന്‍, ശ്രീനാരായണഗുരു തുടങ്ങിയ ഋഷീശ്വരന്മാര്‍. ഈശ്വരസാക്ഷാത്കാരം നേടി അവര്‍ വനാന്തരങ്ങളില്‍ തപസ്സു ചെയ്ത് ലോകത്തെ രക്ഷിക്കുന്നു എല്ലാ ഋഷീശ്വരന്മാരും കഠിനതപസ്സിലൂടെ നേടിയെടുത്ത സത്യങ്ങള്‍ ശിഷ്യഗണങ്ങള്‍ അത് പകര്‍ത്തി തന്നതാണ് നാം വിശ്വസിക്കുന്ന മഹത്ഗ്രന്ഥങ്ങള്‍.

എല്ലാ മതത്തിന്റെയും സാരം ഒന്നുതന്നെ നാരായണഗുരു വചനം മനസ്സിലാക്കുമ്പോള്‍ എല്ലാ വസ്തുക്കളിലും അടങ്ങിയിരിക്കുന്നത് ഒന്ന് തന്നെയെന്നും വ്യത്യസ്ഥമായ രൂപത്തിലും വ്യത്യസ്ഥമായ നാമത്തിലും നാം സങ്കല്‍പ്പിക്കുന്നത് അവസാനം നമ്മളിലൂടെ അത് യാദാര്‍ത്ഥ്യമാകുന്നു. അത് ശാസ്ത്രീയമായി നമുക്ക് തെളിയിക്കാവുന്നതാണ്.

ഈശ്വരസാക്ഷാത്കാരം നേടാനുള്ള ഏകമാര്‍ഗ്ഗം പ്രാര്‍ത്ഥനയാണ്. പ്രാര്‍ത്ഥന അഥവാ ആരാധന നടത്തേണ്ടത് അധരംകൊണ്ടല്ല, ഹൃദയംകൊണ്ടാണ്. ശാസ്ത്ര സാങ്കേതിക വിദ്യകളില്‍ അത്യുന്നതങ്ങളില്‍ എത്തിച്ചേര്‍ന്ന കാലഘട്ടമാണ് ഇത്. (നാം നേരിടുന്ന വര്‍ത്തമാന കാലം) മനുഷ്യമനസ്സില്‍ അടിഞ്ഞുകൂടി കിടക്കുന്ന ദുര്‍ഗുണങ്ങള്‍ മനസ്സില്‍നിന്നും അകറ്റി പകരം സ്‌നേഹം, സത്യം, ധര്‍മ്മം, സാഹോദര്യം എന്നീ സദ്ഗുണങ്ങളെക്കൊണ്ട് സമ്പന്നമാക്കിയാല്‍ ഈശ്വര സാക്ഷാത്കാരം കിട്ടുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ശ്രീനാരായണ ഗുരുദേവന്‍ അവദൂതനായി നടന്ന കാലഘട്ടം, അന്ന് തൊട്ടുകൂടായ്മയും അധര്‍മ്മവും കൊടികുത്തിവാണ കാലം, മറ്റൊന്ന് ദൈവത്തിന്റെ ഗ്രൂപ്പുകള്‍, വ്യത്യസ്ഥ മതങ്ങളും വ്യത്യസ്ഥ ജാതിയും. ഇത് മനസ്സിലാക്കി ദൈവത്തിന്റെ ആകെ തുക എന്താണെന്ന് അറിയുവാന്‍ ഗുരു മരുത്വാമലയില്‍ പോയി കഠിന തപസ്സ് അനുഷ്ടിച്ചു. അവിടെനിന്ന് പരമാത്മജ്ഞാനം കിട്ടി. താനും പരബ്രഹ്മവസ്ഥുവും ഒന്നുതന്നെയെന്ന സത്യം തെളിഞ്ഞുകണ്ടു. കര്‍മ്മത്തിലൂടെ അനുഷ്ടിക്കുവാന്‍ ഗുരു വിളമ്പരം ചെയ്തു (മരുത്വാമലയിലെ തപസ്സിനെക്കുറിച്ച് ലേഖനത്തിന്റെ രണ്ടാം ഭാഗത്തില്‍ വ്യക്തമാക്കുന്നതാണ്)

പരമാത്മജ്ഞാനം കിട്ടിയ ഗുരുദേവന്‍ അന്നത്തെ ഭരണാധികാരികള്‍, അന്നത്തെ പ്രമാണിമാര്‍, ഇവരുടെ ഇടയില്‍ സത്യം വെളിപ്പെടുത്തിയാല്‍ ഗുരുവിനെ തേജോവധം ചെയ്യുമായിരുന്നു. അതുകൊണ്ട് ഗുരു അഡ്ജസ്റ്റ്‌മെന്റിനെന്നോണം അധര്‍മ്മമാകുന്ന കുത്തൊഴുക്കിന് അനുകൂലമായി നീന്തിക്കൊണ്ട് ഗുരു ഒഴുക്കിന്റെ ദിശയെ മാറ്റുകയാണ് ചെയ്തത്.

അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയിട്ട് കളഭംകോട് കണ്ണാടി പ്രതിഷ്ഠിച്ചു. അതിലൂടെ ആത്മാവിനെ ഉപദേശിക്കുന്ന നൂറ് പദ്യം ഗുരു എഴുതി. അതില്‍ പ്രതിപാതിച്ചിരിക്കുന്നത് തന്നിലിരിക്കുന്ന ഈശ്വരനെ താന്‍ കണ്ടെത്തൂ എന്നാണ്. അങ്ങനെ കണ്ടെത്തുമ്പോള്‍ മനുഷ്യമനസ്സിലെ അന്ധതയാകുന്ന് ഇരുട്ട് മാറി അറിവാകുന്ന പ്രകാശമായി മനുഷ്യന്‍ മാറുന്നു. അതിനെയാണ് ഗുരു മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നരുളിയത്. ഇന്ന് മനുഷ്യര്‍ക്ക് ഭക്തിയുണ്ട് പക്ഷേ ഭയമില്ല. ഭയഭക്തിയുണ്ടെങ്കിലേ ഈശ്വരനെ തിരിച്ചറിയുവാന്‍ കഴിയുകയുള്ളൂ. ഇങ്ങനെ ഒരു ദുരന്തം വന്നപ്പോള്‍ എല്ലാവരും ആ ദുരന്തത്തെ ഭയഭക്തിയോടെയാണ് കണ്ടത്. കാരണം, അദൃശ്യമായ ഒരു ശക്തി നമ്മെ പിന്തുടരുന്നു. ആ ശക്തി അറിയാതെ ഒരു തുരുമ്പു പോലും അനങ്ങില്ല എന്ന സത്യം എല്ലാവരും അറിഞ്ഞിരിക്കണം. അതിനാല്‍ ഈശ്വരന്‍ അറിയാതെയല്ല പ്രകൃതിയുടെ ഈ മഹാപ്രതിഭാസം നടന്നത് എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

മൂന്നുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട നമ്മുടെ കൊച്ച് കേരളം ശ്രീ അയ്യപ്പന്റെയും ശ്രീനാരായണഗുരുവിന്റെയും പാദസ്പര്‍ശമേറ്റ ദൈവത്തിന്റെ നാട് എന്ന് വിശേഷിപ്പിക്കുന്ന കൊച്ചു കേരളത്തില്‍ വന്ന് ജനിച്ചവരെല്ലാം ഈശ്വരീയത കൂടുതലുള്ളവരാണ്. അതിന്റെ തെളിവാണ് നമ്മുടെ സഹോദരജീവികള്‍ ദുരന്തത്തില്‍പ്പെട്ട് പോയപ്പോള്‍ അവരെ രക്ഷിക്കാന്‍ മതവും രാഷ്ട്രീയവും എല്ലാം മറന്ന് ഒറ്റമനസ്സോടെ മാനവസേവ ചെയ്തതും ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതും. ഇത് ലോകത്ത് തന്നെ ഒരു മാതൃകയാണ്. അതുപോലെ സംപൂജ്യനായ നമ്മുടെ മുഖ്യമന്ത്രി കാണിച്ച ആത്മധൈര്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു നിമിഷം പോലും പാഴാക്കാതെ സന്ദര്‍ഭോചിതമായ തീരുമാനങ്ങള്‍ അതിന്റെ വിജയവും ഒരുകാലത്തും മറക്കാനാകാത്തതാണ്. പറയാതിരിക്കാന്‍ നിവര്‍ത്തിയില്ല.

എനിക്ക് ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല. ഗുരുവചനം ഉള്‍ക്കൊണ്ട് ജീവിക്കുന്ന ഗുരുഭക്തയായ സ്വാമിനിയാണ്. ഇരുപത് വര്‍ഷമായി ആത്മീയരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വാമിനി എന്ന നിലക്ക് ഈ പ്രളയസമയത്ത് അങ്ങ് ജനങ്ങളോട് കാണിച്ച സ്‌നേഹവും സ്വാന്തനവും വാക്കുകള്‍ കൊണ്ട് പറഞ്ഞുതീര്‍ക്കാവുന്നതല്ല. അങ്ങയ്ക്ക് ഈ അവസരത്തില്‍ സ്‌നേഹത്തിന്റെയും, ശാന്തിയുടെയും, സമാധാനത്തിന്റെയും ആയിരം പൂച്ചെണ്ടുകള്‍ അര്‍പ്പിക്കുന്നു. അതോടൊപ്പം ദീര്‍ഘായുസ്സും ആരോഗ്യവും കര്‍മ്മശേഷിയും നീണാള്‍ വാഴട്ടെ എന്ന് സര്‍വ്വശക്തനായ ദൈവത്തെ പ്രാര്‍ത്ഥിച്ചുകൊള്ളുന്നു. ദൈവത്തിന്റെ നാടായ കൊച്ചു കേരളത്തിലെ ഇപ്പോഴത്തെ ഐക്യം നിലനിര്‍ത്തി നമ്മുടെ കേരളം ലോകത്തിന്റെ തന്നെ പ്രകാശഗോപുരമായി മാറട്ടെ എന്ന് പ്രത്യാശിക്കുന്നു
 തുടരും…..