Monday 13 January 2020

ഫ്ലാറ്റ് പൊളിക്കുന്നത് തടയാൻ ഓർഡിനൻസ് ഇറക്കുവാൻ കഴിയുമായിരുന്നോ ?


ഫ്ലാറ്റ് പൊളിക്കുന്നത് തടയാൻ
ഓർഡിനൻസ്  ഇറക്കുവാൻ  കഴിയുമായിരുന്നോ ?
മരട് ഫ്ലാറ്റുകൾ  പൊളിച്ചു .എത്രയോ മനുഷ്യരുടെ സ്വപ്നങ്ങളാണ് അവിടെ തകർന്നത് .കഷ്ട്ടപ്പെട്ടുണ്ടാക്കിയ കാശുകൊണ്ടും നൂറു കണക്കിന് മനുഷ്യരുടെ അദ്ധ്വാനം കൊണ്ടും നാം പടുത്തുയർത്തിയ ഫ്ലാറ്റുകൾ  നിഷ്ക്കരുണം നിമിഷങ്ങൾക്കുള്ളിൽ തകർന്നു  .  സർക്കാരിന്  ഒന്നും ചെയ്യാൻ  കഴിഞ്ഞില്ല . മലങ്കര ഓർത്തഡോൿസ് സഭക്ക് ലഭിച്ച  വിധി മറികടക്കാൻ  ഓർഡിനൻസ്  ഇറക്കിയ  സർക്കാർ  നിലവിളിച്ചുകൊണ്ട്  ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങിയ മനുഷ്യരുടെ കണ്ണീർ കാണാൻ കഴിഞ്ഞില്ല . ഫ്ലാറ്റ് വിട്ടിറങ്ങുന്നവരോടൊപ്പം  സർക്കാർ ഉണ്ടാകുമെന്ന്  പറഞ്ഞിട്ട്  ആരെയും കണ്ടില്ല . ഫ്ലാറ്റ് പൊളിക്കുന്നത് തടയാൻഓർഡിനൻസ്  ഇറക്കുവാൻ  കഴിയുമായിരുന്നോ ?
സെമിത്തേരികളിൽ മൃതദേഹം സംസ്കരിക്കുന്നതു സംബന്ധിച്ച് കേരള ഗവണ്മെന്റ് ഇറക്കുവാൻ പോകുന്ന ഓർഡിനൻസിനെ പിന്താങ്ങുന്ന ഇതര ക്രൈസ്തവ സഭകൾ അവർക്ക് സംഭവിക്കാൻ പോകുന്ന വലിയ വിപത്തുകൾ മനസിലാക്കുന്നത് നല്ലത്. പുതിയ ഓർഡിനൻസിൽ ഓർത്തഡോൿസ്‌ എന്നോ യാക്കോബായ എന്നോ അല്ല, മറിച്ചു ക്രൈസ്തവ സഭകൾ എന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്.  ഓർഡിനൻസിനെ പിന്തുണയ്ക്കുന്ന ക്രൈസ്തവ സഭകൾ തങ്ങൾക്കു സംഭവിക്കുവാൻ പോകുന്ന വലിയ ആപത്തിനെക്കുറിച്ച് അല്പം ബോധവാൻമാരാകുന്നതു നല്ലതാണ് . ഓർത്തഡോൿസ്‌ സഭയ്ക്ക് ഒന്നും പേടിക്കാനില്ല, ഭാരതത്തിന്റെ പരമോന്നത നീതിപീഠം അരക്കിട്ടുറപ്പിച്ച ഒരു വിധി  അവർക്കുണ്ട്
കോടതിവിധി വൈകുംതോറും  സർക്കാരും യാക്കോബായവിഭാഗവും വലിയവില കൊടുക്കേണ്ടിവരും സഭാതർക്കം കാരണം പൊതു ഖജനാവിന് ഒരു പാട്  പണം ചിലവാകുന്നു എന്നും അതിനാൽ പൊതു ഖജനാവിൽ നിന്ന് എടുക്കുന്നത് നീതിയാണോ ?കേസിൽ തോറ്റിട്ടു വിധി അനുസരിക്കാത്തവരിൽ നിന്ന് സർക്കാർ, കോടതി ചിലവുകൾ എല്ലാം ഈടാക്കണം. കൂടാതെ കേസ് കാരണം ജയിച്ച കക്ഷിക്ക് ഒരു പാട് പണം ചിലവായിട്ടുണ്ട്. അതും തോറ്റ കക്ഷി കാരണമാണ്.കേസിൽ തോറ്റവർ കോടതിച്ചിലവ് കൊടുക്കേണ്ടി വരുന്നതും അനാവശ്യ കേസ് കൊടുത്തതിന് പിഴ അടക്കുന്നതും മറ്റും സാധാരണ കോടതി വിധികളിൽ ഉണ്ടാവാറുണ്ട്. ഇവിടെ ഇപ്പോൾ വിധി നടത്തിപ്പ് കാലതാമസമുണ്ടാകുന്നതിന്റെ നഷ്ടപരിഹാരവും കൂടി കേസിൽ തോറ്റിട്ടും വിധി നടപ്പിലാക്കാൻ സമ്മതിക്കാതെ തടയുന്നവരിൽ നിന്ന് ഈടാക്കണം.ഇപ്പോൾ കേസിൽ തോറ്റ അതേ കക്ഷി 1958 ലും തോറ്റതാണ്. അന്ന് വലിയൊരു തുക ജയിച്ച കക്ഷിക്ക് ഇവർ കോടതിച്ചിലവായി നൽകാൻ വിധിച്ചിട്ടുള്ളതുമാണ്. അന്നു ജയിച്ച. കക്ഷി തോറ്റവരോട് ദയ തോന്നി അത് വാങ്ങിയില്ല.  ഇതൊക്കെ പരിഗണിച്ച്  കോടതി  വൻ  തുക  കോടതിച്ചെലവായി  ഈടാക്കാൻ വിധിയുണ്ടാകാം .പരമോന്നത കോടതിയുടെവിധി  3  വർഷമായി  തട്ടിക്കളിക്കുകയാണ് .


പ്രൊഫ്. ജോൺ  കുരാക്കാർ

Sunday 12 January 2020

സുപ്രിം കോടതി ഓർത്തഡോൿസ് യാക്കോബായ വിഭാഗങ്ങളെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നു .കേരളസർക്കാർ ഭിന്നിപ്പിച്ചു തന്നെ നിലനിർത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നു

സുപ്രിം കോടതി  ഓർത്തഡോൿസ്  യാക്കോബായ വിഭാഗങ്ങളെ   ഒന്നിപ്പിക്കാൻ ശ്രമിക്കുന്നു .കേരളസർക്കാർ ഭിന്നിപ്പിച്ചു തന്നെ നിലനിർത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ  ശ്രമിക്കുന്നു .
സുപ്രിം കോടതി  ഓർത്തഡോൿസ്  യാക്കോബായ വിഭാഗങ്ങളെ   ഒന്നിപ്പിക്കാൻ ശ്രമിക്കുന്നു .കേരളസർക്കാർ ഭിന്നിപ്പിച്ചു തന്നെ നിലനിർത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ  ശ്രമിക്കുന്നു. ഭാരതത്തിൻറെ  പരമോന്നതകോടതിയുടെ വിധി സർക്കാരിന് നടപ്പിലാക്കാതെ  നിവർത്തിയില്ല , വിധി അനുസരിക്കാൻ  തയാറാകണം എന്ന്  പാത്രിയർക്കീസ്  വിഭാഗത്തോട്  പറയാനുള്ള  ആർജവം  സർക്കാർ കാണിക്കുന്നില്ല .ഓർഡിനൻസ് ഇറക്കുക വഴി സഭകൾക്കിടയിലെ ഭിന്നിപ്പ് നിലനിർത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.ഓർത്തഡോക്സ് – യാക്കോബായ തർക്കത്തിൽ സുപ്രീം കോടതി മാനിക്കാനുള്ള ഉത്തരവാദിത്തമാണ് സംസ്ഥാനസർക്കാർ കാണിക്കേണ്ടിയിരുന്നത്.

ജുഡീഷ്യറിയെ ആദരിക്കുക എന്നതാണ് ജനാധിപത്യ സംവിധാനത്തിൽ ഭരണകൂടത്തിന്റെ ഉത്തരവാദിത്തം . അത് ആദരിക്കാനുള്ള സന്നദ്ധത സർക്കാർ ഇതുവരെ കാണിച്ചിട്ടില്ല.ജുഡീഷ്യറിയെ മാനിച്ചിരുന്നെങ്കിൽ കോടതി വിധി നടപ്പാക്കാൻ ശ്രമിക്കുമായിരുന്നു. അങ്ങിനെ വിഘടിച്ചു നിൽക്കുന്ന രണ്ടു വിഭാഗങ്ങൾ തമ്മിൽ , സുപ്രിം കോടതി  ആഗ്രഹിച്ചതുപോലെ ഒന്നിച്ചു വരുവാനുള്ള സാഹചര്യവും ഉണ്ടാകുമായിരുന്നു .അതിനു പകരം വിഘടിച്ചു നിൽക്കുന്നവരെ പ്രത്യക്ഷമായും പരോക്ഷമായും സഹായിച്ചു. എല്ലായിടവും രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ  കഴിയുമോ എന്നാണ്  അവർ നോക്കുന്നത് .കോടതി പല പ്രാവശ്യം  താക്കീത്  കൊടുത്തു കഴിഞ്ഞു . മറ്റ്  ഇതര ക്രൈസ്തവ സഹോദരിസഭകളും  മൗനം പാലിക്കുകയാണ് . വിധി അനുസരിക്കാൻ  അവരാരും  യാക്കോബായ വിഭാഗത്തോട് പറയുന്നതുമില്ല . എല്ലാവരും കലക്കവെള്ളത്തിൽ  മീൻ പിടിക്കാൻ നോക്കുകയാണ് . മീൻ ഒന്നും കിട്ടുന്നില്ലന്നു മാത്രല്ല , സ്വന്തം  കുളത്തിൽ നിന്ന് മീനുകൾ ചാടി പോകുകയുമാണ് .



പ്രൊഫ്. ജോൺ കുരാക്കാർ

സെമിത്തേരി ഓർഡിനൻസ് നിയമപരമായി നിലനിൽക്കുമോ ?

സെമിത്തേരി ഓർഡിനൻസ് 
 നിയമപരമായി  നിലനിൽക്കുമോ ?
ഏതാനം ദിവസം മുൻപ്  ഗവർണർ ഒപ്പിട്ട കേരള സർക്കാരിൻറെ സെമിത്തേരി ഓർഡിനൻസ് നിയമപരമായി  നിലനിൽക്കുമോ ? നിയമവിദഗ്ദ്ധർ  അഭിപ്രായം പറയട്ടെ .ഇന്ത്യൻ ഭരണഘടനയുടെ 123 ഉം 213 ഉം വകുപ്പുകൾ പ്രകാരം ഇന്ത്യൻ പ്രസിഡന്റിന്റെയും (രാഷ്‌ട്രപതി), ഗവർണ്ണറുടെയും പ്രേത്യേകാധികാര പരിധിക്കുള്ളിൽ നിന്നുകൊണ്ട് കാര്യനിർവ്വഹകണ വിഭാഗം അഥവാ ഗവൺമെന്റ് പുതിയതായി കൊണ്ടുവരുന്ന നിയമങ്ങളെയാണ് ഓർഡിനൻസ് എന്നു പറയുന്നത്.ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി തീർപ്പുകല്പിച്ച സമുദായകേസിന്റെ അന്തിമ വിധിയുടെ ഉത്തരവ് വന്ന ദിവസം മുതൽ അത് ഈ രാജ്യത്തിന്റെ നിയമമായി മാറി(Law of Land). ഈ ഉത്തരവിനെ അട്ടിമറിക്കുവാൻ കേരള സംസ്ഥാന സർക്കാർ രൂപം നൽകിയ ഓർഡിനൻസ് ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്.
2017 ജൂലൈ 3 ന് ബഹു. സുപ്രീംകോടതി തീർപ്പുകല്പിച്ച സഭാകേസിന്റെ അന്തിമ വിധിയും, കോതമംഗലം ചെറിയ പള്ളിയെ സംബന്ധിച്ച് ബഹു.കേരളാ ഹൈക്കോടതിയിൽനിന്നും ഉണ്ടായ വിധിയിൽ ഇടവക പള്ളികളുടെയും, പള്ളിവക സ്വത്തുക്കളുടെയും, പള്ളിവക സെമിത്തേരികളുടെയും പൂർണ്ണ അധികാരവും 1934 ലെ മലങ്കര സഭാ ഭരണഘടന അനുസരിച്ചു ഇടവക മെത്രാപ്പോലീത്ത നിയമിക്കുന്ന വികാരിമാർക്കാണെന്നും, അതിന്റെ എല്ലാ ഗുണഗണങ്ങളും ലഭിക്കേണ്ടത് അതാത് ഇടവകകളുടെ നിയമാനുസൃതമുള്ള അവകാശികളായ ഇടവകാംഗങ്ങൾക്കാണെന്നും വ്യക്തമായി പറഞ്ഞിട്ടുള്ളതാകുന്നു. ഈ ഉത്തരവിനെ വെല്ലുവിളിച്ചുകൊണ്ട് മലങ്കര ഓർത്തോഡോക്സ് സഭയുടെ ശവക്കല്ലറകൾ പൊതുശ്മശാനം ആക്കാനുള്ള കേരളാ സർക്കാരിന്റെ നീക്കം കോടതികളോടുള്ള ദാർഷ്ട്യത നിറഞ്ഞ വെല്ലുവിളി ആയേ കാണാൻ കഴിയൂ.
സർക്കാർ ർ, ഇതിനു മുൻപ് സമാനമായ രീതിയിൽ കണ്ണൂർകരുണ മെഡിക്കൽ കോളേജിലെ അഡ്മിഷൻ വിഷയത്തിൽ ഒരു ഓർഡിനൻസ് കൊണ്ടുവരുകയും പ്രതിപക്ഷാംഗങ്ങളുടെ പിന്തുണയോടെ പാസാക്കുകയും അങ്ങനെ സുപ്രീം കോടതി വിധിയെ മറികടക്കാൻ ശ്രമിക്കുകയും, അവസാനം സുപ്രിം കോടതി തന്നെ ആ ഓർഡിനൻസ് റദ്ദാക്കുകയും, കേരള സർക്കാരിനെ അതി രൂക്ഷമായ ഭാഷയിൽ ബഹു. സുപ്രീം കോടതി ശാസിക്കുകയും  ചെയ്തിട്ടുള്ളതാണ് .കരുണ മെഡിക്കൽ കോളേജ് അഡ്മിഷൻ ഓർഡിനൻസിന് സമാനമായതിനാലും, 2017 ജൂലൈ 3 ലെ അന്തിമ വിധിക്കുള്ളിൽ നിന്നു കൊണ്ട് മാത്രമേ സർക്കാരിന് സഭാ തർക്കത്തിൽ നിയമ നിർമ്മാണം നടത്താൻ കഴിയുകയുള്ളുവെന്ന് സുപ്രീം കോടതി വിധിയിൽ പ്രസ്താവിച്ചിട്ടുള്ളതിനാലും , മലങ്കര സഭാ തർക്കത്തിലുള്ള ഈ ഓർഡിനൻസ് ബഹു. സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നതിൽ യാതൊരു സംശയവുമില്ല.
മലങ്കര ഓർത്തഡോക്സ് സഭയുടെ വിഘടിത വിഭാഗമായ യാക്കോബായ വിഭാഗത്തിന് വേണ്ടി ഇടതുപക്ഷ സർക്കാർ നിർമ്മിച്ചിരിക്കുന്ന ഈ ഓർഡിനൻസ് കേരളത്തിലെ മറ്റ് ഇതര ക്രൈസ്തവ സഭാ വിഭാഗങ്ങൾക്കും ബാധകമാണ് എന്നതും ശ്രദ്ധേയമാണ്.മാതൃസഭ വിട്ട് മറ്റ് പ്രൊട്ടസ്റ്റന്റ് സഭാ വിഭാഗത്തിലേക്ക് ചേക്കേറിയവരെയും, ക്നാനായ സമുദായത്തിൽ നിന്നും പല കാരണങ്ങളാൽ പുറത്താക്കപ്പെട്ടവരെയും ഒക്കെ മാതൃ സഭയുടെ സെമിത്തേരികളിൽ അതാത് ഇടവകകളിലെ ഇടവക വികാരിമാരുടെ അനുമതിയില്ലാതെ, റവന്യൂ – പോലീസ് ഉദ്യോഗസ്ഥർ വന്നു കബറടക്കാം എന്നുള്ള ദുരവസ്ഥയും ഈ ഓർഡിനൻസു കൊണ്ട് സംജാതമാകും എന്നതിൽ തർക്കമില്ല. അധികം  താമസിക്കാതെ കോടതി സെമിത്തേരി  ഓർഡിനൻസ് റദ്ദാക്കുമെന്ന്  കരുതാം .

പ്രൊഫ്. ജോൺ കുരാക്കാർ

Saturday 11 January 2020

ലോക സമാധാനം തകർക്കരുത്


ലോക സമാധാനം
  തകർക്കരുത്
ലോകം വീണ്ടുമൊരു യുദ്ധത്തിലേക്ക് പോകുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .ഇറാൻ ഭരണനേതൃത്വവുമായും ഷിയാ മതനേതൃത്വവുമായും വളരെ അടുത്തുനിൽക്കുന്ന സേനാ കമാൻഡർ ഖാസിം സുലൈമാനിയെ ഡ്രോൺ ആക്രമണത്തിലൂടെ ച വധിച്ച അമേരിക്കൻ നടപടി പശ്ചിമേഷ്യയെ കടുത്ത സംഘർഷത്തിലേക്കാണ് നയിക്കുന്നത്.ഇസ്ലാമിക വിപ്ലവത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയെന്ന് ഇറാൻ മതനേതാവ് വിശേഷിപ്പിച്ച വ്യക്തിയാണ് കൊല്ലപ്പെട്ട കമാൻഡർ.ഭീകരവാദത്തോടുള്ള അമേരിക്കൻ ഇരട്ടത്താപ്പിന്റെ അവസാനത്തെ ഉദാഹരണംകൂടിയാണ് സുലൈമാനിയുടെ വധം.റഷ്യൻ സേനകളും അമേരിക്കൻ വ്യോമസേനയും ചേർന്നുകൊണ്ടായിരുന്നു ഐഎസ് സ്ഥാപകനും മേധാവിയുമായ അബൂബക്കർ അൽ ബാഗ്‌‌ദാദിയെ വധിച്ചത് .ലോക പൊലീസ് ചമഞ്ഞ്‌ അമേരിക്ക നടത്തിയ കൊലപാതകമായിട്ട്  മാത്രമേ ഖാസിം സുലൈമാനിയുടെ മരണത്തെ കാണാൻ കഴിയുകയൂള്ളു ..
 ഒരു പരമാധികാര രാഷ്ട്രത്തിനെതിരെ അമേരിക്ക നടത്തിയ ആക്രമണത്തെ ന്യായികരിക്കാൻ ആർക്കും കഴിയുകയില്ല .ഈ കൊലപാതകം ലോകത്തെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിയിരിക്കുന്നു. അമേരിക്കയുടെ വകതിരിവില്ലാത്ത, ഏകപക്ഷീയമായ പ്രവൃത്തി ലോകത്ത്  അസമാധാനത്തിന്റെ കനൽകെടുത്താൻ ഉടനൊന്നും കഴിയുമെന്ന്  തോന്നുന്നില്ല .ഈ സംഭവം  ഇന്ത്യയുൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെയുള്ളിലും തീകോരിയിടുന്നുണ്ട്. എണ്ണവിലയിലെ കുതിച്ചുകയറ്റം മാത്രമല്ല അതിനുകാരണം. ഗൾഫ് മേഖലയിലെ യുദ്ധം ഉപജീവനാർഥം അവിടെക്കഴിയുന്ന 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ സുരക്ഷയെ ബാധിക്കുമെന്നതുകൂടിയാണ്.   ബാഗ്ദാദിലെ അമേരിക്കൻ കാര്യാലയത്തിലേക്കു തള്ളിക്കയറാൻ കഴിഞ്ഞയാഴ്ച ആദ്യം ഇറാഖിലെ പ്രക്ഷോഭകർ ശ്രമിച്ചതാണ് മേജർ ജനറൽ സുലൈമാനിയുടെ കൊലയ്ക്കുള്ള കാരണമായിപറയുന്നത്. പക്ഷേ, അധികാരത്തിലേറിയ അന്നുമുതൽ ഇറാനുനേരെ പടയൊരുക്കം തുടങ്ങിയതാണ് ട്രംപ്. ഇറാനുമായി നിലനിന്നിരുന്ന വൈരം ശമിപ്പിക്കാൻ മുൻ പ്രസിഡന്റ് ബരാക് ഒബാമ നടത്തിയ ശ്രമങ്ങളെ വിമർശിച്ചാണ് ട്രംപ് അധികാരത്തിലേറിയത്.
 യു.എൻ. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും യൂറോപ്യൻ യൂണിയനും ഇറാനുമായി 2015-ലുണ്ടാക്കിയ ആണവക്കരാറിൽനിന്ന് 2018-ൽ അമേരിക്ക ഏകപക്ഷീയമായി പിന്മാറി. ഇറാനുമേലുള്ള ഉപരോധങ്ങൾ പുനഃസ്ഥാപിച്ചു. 2019 ഏപ്രിലിൽ ഇറാനിയൻ റെവലൂഷണറി ഗാർഡ് കോറിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു.പശ്ചിമേഷ്യ നീറിപുകയുകയാണ് . 17 കൊല്ലംമുമ്പ് അമേരിക്ക നടത്തിയ അധിനിവേശത്തിന്റെ ഫലമാണ് ഇപ്പോഴും ഇറാഖിൽത്തുടരുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥ. സിറിയയിലും യെമെനിലും ആഭ്യന്തരയുദ്ധം അവസാനിച്ചിട്ടില്ല. പലസ്തീനും ഇസ്രയേലും ഇപ്പോഴും പോർവിളിയിലാണ്. ഇറാനുമായി കൊമ്പുകോർക്കാൻ തക്കംപാർത്തിരിക്കുകയാണ് ഇസ്രയേൽ. ഇങ്ങനെ ബഹുമുഖ സംഘർഷങ്ങളുടെ വേദിയാണ്  പശ്ചിമേഷ്യ.
ആയുധശേഖരം പരിശോധിക്കാനെത്തിയ യുഎൻ നിരീക്ഷകരോടു സഹകരിക്കാതിരുന്നതിന് 1998ൽ ബിൽ ക്ലിന്റൻ പ്രസിഡന്റായിരുന്നപ്പോൾ ഇറാഖിൽ നടത്തിയ മിസൈൽ ആക്രമണവുമായാണ് ഇപ്പോഴത്തെ ആക്രമണത്തെ നിരീക്ഷകർ താരതമ്യം ചെയ്യുന്നത്.ഗൾഫിൽ 60 ലക്ഷം പ്രവാസികളുള്ള ഇന്ത്യയ്ക്ക് ഇത് അതീവ ഗുരുതര പ്രശ്നമാണ്. ഇതുവഴിയുണ്ടാകുന്ന അസ്ഥിരതയും അതിനെക്കാളേറെ ശത്രുതയും എണ്ണവിലയിലും വ്യാപാരത്തിലും വരുത്തുന്ന പ്രശ്നങ്ങൾ ചെറുതായിരിക്കില്ല. പ്രശ്‍നങ്ങൾ ആളിക്കത്തിക്കാതിരിക്കാൻ  സമാധാനം ആഗ്രഹിക്കുന്ന  രാജ്യങ്ങൾ ശ്രദ്ധിക്കണം .

പ്രൊഫ്. ജോൺ കുരാക്കാർ

ഓർത്തഡോക്സ് സഭ തലവനെയും വൈദീകരെയും തെറിവിളിക്കുന്ന യാക്കോബായക്കാർ അറിയാൻ

ഓർത്തഡോക്സ് സഭ തലവനെയും വൈദീകരെയും
തെറിവിളിക്കുന്ന യാക്കോബായക്കാർ  അറിയാൻ

കുറച്ചു ദിവസമായി  യാക്കോബായ വിഭാഗത്തിലെ  ചിലർ സന്തോഷത്തിലാണ് .അതിനുള്ള കാരണം  ഒന്ന് സെമിത്തേരി ഓർഡിനൻസിൽ  ഗവർണർ  ഒപ്പിട്ടു എന്നതാണ്  മറ്റൊരു കാര്യം മുത്തൂറ്റ് മുതലാളി കായൽ കയ്യേറി നിർമിച്ച "കാപ്പിക്കോ "എന്ന റിസോർട് പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടതാണ് ..  പക്ഷെ സന്തോഷം അധികം നീണ്ടില്ല രാത്രി 10-01-2020 8 മണി മുതൽ 9 മണി വരെ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിൽ ''പൊളിച്ചടുക്കൽ പാരമ്പരയോ "എന്ന തലകെട്ടിൽ ഒരു ചർച്ച നടന്നു. ഇതിന്റെ അവസാനത്തെ 3 മിനിറ്റിൽ പറയുന്നത് ഈ റിസോർട് മുൻപ് പൊളിക്കാതിരിക്കാൻ ശുപാർശ കത്തയച്ചവരുടെ പേരുകൾ ആണ്. അതിൽ പ്രമുഖർ യാക്കോബായ സഭാ മെത്രാപ്പോലിത്തൻ ട്രെസ്റ്റി ജോസഫ് മാർ ഗ്രീഗോറിയോസ്, മാർത്തോമ സഭാ തലവൻ ജോസഫ് മർത്തോമ മെത്രാപ്പൊലീത്ത ,മലങ്കര കത്തോലിക്കാ സഭാ തലവൻ ക്ളീമീസ് കാതോലിക്കാ ബാവ, യാക്കോബായ സഭാ തലവൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ, ബെന്നി ബഹനാൻ, മുഹമ്മദ്‌ ആരിഫ്, ജോസഫ് വാഴക്കൻ, അങ്ങനെ പലരുമുണ്ട്.  ഇതു കേട്ടതോടെ  സന്തോഷംപോയി .പാത്രിയർക്കീസ് വിഭാഗത്തെ  അവരുടെ നേതാക്കൾ  എന്നും വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്  എന്ന  സത്യം  ഇപ്പോഴും അവർ തിരിച്ചറിയുന്നില്ല ..
ഓഡിനൻസിനുവേണ്ടി  യാക്കോബായ പള്ളികളിൽ പിരിവു തുടങ്ങി കഴിഞ്ഞു .ഓർത്തഡോക്സ് സഭാ തലവനെ സഭയ്ക്ക് അകത്തു നിന്നും പുറത്തുനിന്നും ശത്രുക്കൾ  ഉണ്ടാകാൻ  കാരണം ഇതു പോലെയുള്ള ഒരു കാര്യത്തിനും പരി.കാതോലിക്കാ ബാവയുടെ പിന്തുണയില്ല . സത്യം തിരിച്ചറിയാൻ കുറച്ചു സമയംകൂടി വേണ്ടിവരും . കോതമംഗലം ചെറിയപള്ളിയിൽ  വിധി  ജനുവരി 23  മുൻപ്  നടപ്പാക്കണമെന്ന് കോടതി അന്ത്യശാസനം നൽകിയിരിക്കുകയാണ് .നീതി നിക്ഷേധിക്കപെടുന്നവന്റെ അവസാന ആശ്രയം ആണ് രാജ്യത്തിൻറെ നിയമ വ്യവസ്ഥ.      ബലവാനും ബലഹീനനും ധനവാനും ദരിദ്രനും വിദ്യാഭ്യാസം ഉള്ളവനും വിദ്യാഹീനനും ഒരു പോലെ നീതി ഉറപ്പാക്കാൻ ആണ് നിയമം.    നിയമം നടപ്പാകുമ്പോൾ നീതി നിഷേ ധിക്കപെടുന്നെങ്കിൽ പിന്നെ ഇവിടെ നിയമം എന്തിനു? , ന്യായാലയങ്ങൾ എന്തിനു? ന്യായാധിപന്മാർ എന്തിനു? .എല്ലാ വസ്തുതകളും തല നാരു കീറി പരിശോധിച്ച് വിധി പുറപ്പെടുവിച്ച ന്യായാധിപന്മാർ നീതി നിക്ഷേധകർ ആകുമോ ? ഒരിക്കലും  അത്  സംഭവിക്കില്ല .എല്ലാ  മധ്യസ്ഥത ശ്രമങ്ങളും പരാജയപെടുമ്പോഴാണ്  കോടതിയെ സമീപിക്കുന്നത് .വിധി  ഉണ്ടാകുന്നതിനു മുൻപ്  ഈ പ്രശ്നം മധ്യസ്ഥതയിൽ കൂടെ പരിഹരിച്ചു കൂടെ എന്ന് കോടതി പല പ്രാവശ്യം  ചോദിച്ചതാണ് . കോടതിയുടെ തീരുമാനം മതി എന്ന് പറഞ്ഞ യാക്കോബായ വിഭാഗത്തിന്  തിരിച്ചടി നേരിട്ടപ്പോൾ മധ്യസ്ഥതയും ജനഹിതവും വേണം  എന്ന് കേഴുകയാണ്

പ്രൊഫ്. ജോൺ കുരാക്കാർ

Friday 10 January 2020

മതസൗഹാർദ്ദ -പ്രകൃതി സംരക്ഷണ അന്താരാഷ്‌ട്ര വിദ്ധാർത്ഥി ഉച്ചകോടി


മതസൗഹാർദ്ദ -പ്രകൃതി സംരക്ഷണ അന്താരാഷ്ട്ര വിദ്ധാർത്ഥി ഉച്ചകോടി
ഭൂമിയെ സംരക്ഷിക്കുവാൻ മനുഷ്യന്റെ മനോഭാവം മാറണമെന്ന്  കർദിനാൾ ക്ളീമിസ് ബാവ പ്രസ്താവിച്ചു.  കാലാവസ്ഥ നീതിക്കു വേണ്ടിയുള്ള   അന്താരാഷ്ട്ര കുട്ടികളുടെ ഉച്ചകോടി  ഉത്ഘാടനം  ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു അഭിവന്ദ്യ  കർദ്ദിനാൾ.മതസൗഹാർദ്ദത്തിന്റെയും  പ്രകൃതി സംരക്ഷണത്തിൻറെയും വക്താക്കളായി  വിദ്ധാർഥികൾ  മാറണമെന്ന് ക്ളീമിസ് ബാവ തുടർന്നു പറഞ്ഞു .പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യാതെ വരുംതലമുറക്ക്  കൈമാറാൻ നാം തയാറാകണമെന്ന്  തിരുമേനി തൻറെ  പ്രസംഗത്തിൽ സൂചിപ്പിച്ചു .അന്താരാഷ്ട്ര സമാധാന അവാർഡ് ജേതാവും ,പ്രശസ്  പരിസ്ഥിതി പ്രവർത്തകയുമായ  കെഹ് കഷൻ  ബസു  മുഖ്യ പ്രഭാഷണം നടത്തി .ഏഷ്യാ ഫോറം മുൻ ഡയറക്ടർ  ജോൺ സാമുവേൽ , ഡോക്ടർ എബ്രഹാം കരിക്കം ,സൂസൻ കോശി ,ഐസക് എസ്  തോമസ് ,നാദീയ താഹ ,ജോസഫ് കെവിൻ  ജോർജ് ,ആര്യമൻ അരുൺ ,കെ.എം മാത്യു  എന്നിവർ പ്രസംഗിച്ചു . ഉച്ചക്ക് ശേഷം 2 മണിക്ക്  കൂടിയ ഉച്ചകോടി സമ്മേളനത്തിൽ  യു.ആർ.  മുൻ ഗ്ലോബൽ ട്രസ്റ്റീ  പ്രൊഫ്. ജോൺ കുരാക്കാർ  മോഡറേറ്റർ  ആയിരുന്നു . കാലാവസ്ഥ നീതിയെക്കുറിച്ച് ഏഷ്യാ ഫോറം മുൻ ഡയറക്ടർ  ജോൺ സാമുവേൽ ,പ്രശസ്  പരിസ്ഥിതി പ്രവർത്തക  കെഹ് കഷൻ  ബസു  എന്നിവർ  പ്രബന്ധങ്ങൾ അവതരിപ്പിച്ചു .തുടർന്ന്  എട്ട് ഗ്രൂപ്പുകളായി ചർച്ച നടത്തി .

Thursday 9 January 2020

അതിഥികളെ ആദരിക്കാത്തവർ ടൂറിസത്തെ തകർക്കും

അതിഥികളെ ആദരിക്കാത്തവർ ടൂറിസത്തെ തകർക്കും
തുടരെത്തുടരെയുള്ള  ഹർത്താലുകൾ കേരളത്തിൻറെ  ടൂറിസം മേഖലയെ തകർക്കും .സഞ്ചരിക്കുവാനുള്ള ആഗ്രഹം മനുഷ്യന്റെ സഹജവാസനകളിലൊന്നാണ്. എല്ലാ രാജ്യങ്ങളും ടൂറിസത്തിനു വൻ പ്രാധന്യമാണ്‌ നൽകുന്നത് . ശ്രീലങ്ക വിനോദസഞ്ചാരത്തിനു നൽകുന്ന  സാധ്യതകൾ  കേരളം കണ്ണുതുറന്നു കാണണം .എണ്ണയുൽപാദനം  വളരെ കുറഞ്ഞതോടെ ദുബായ് ഏറ്റവും വലിയ വരുമാന ശ്രോതസ്സായി  ടൂറിസം മേഖലയെ വളർത്തിക്കഴിഞ്ഞു .പ്രകൃതിമനോഹരമായ  കേരളം  വിദേശ സഞ്ചാരികളെ  ആകർഷിക്കാൻ പറ്റിയ സ്ഥലമാണ് . അതിഥികളെ ആദരിക്കാനും  ബഹുമാനിക്കാനും കഴിയാത്തതാണ് കേരളത്തിൻറെ ശാപം .നൊബേൽ സമ്മാനിതനായ മൈക്കൽ ലെവിറ്റിനെ  കേരളം അപമാനിക്കുകയായിരുന്നു .മൈക്കലിനു കേരളം  ഹൃദയഹാരിയായ ദേശമായിരുന്നു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക അതിഥിയായി എത്തിയ അദ്ദേഹത്തെ ദേശീയ പണിമുടക്കിന്റെ പേരിൽ വഞ്ചിവീട്ടിൽ തടഞ്ഞുവച്ചത്  വളരെ മോശമായി പോയി . ഈ സംഭവം രാജ്യാന്തരതലത്തിൽ കേരളത്തിന്റെയും നമ്മുടെ ടൂറിസത്തിന്റെയും വിലയിടിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
മൈക്കൽ ലെവിറ്റ് എന്ന വിശ്രുത ശാസ്ത്രജ്ഞനു വിശിഷ്ടമായ ആതിഥ്യമാണു കേരളം നൽകേണ്ടിയിരുന്നതെങ്കിലും ഇന്നലെ, കുമരകത്തുനിന്നുള്ള കായൽയാത്രാമധ്യേ, കുട്ടനാട്ടിലെ ആർ ബ്ലോക്കിൽ നാം പകരം നൽകിയത് അപമാനവും മാനസികപീഡനവും ബുദ്ധിമുട്ടുമായിരുന്നു. പണിമുടക്കിന്റെ പേരിൽ അദ്ദേഹത്തെ വഞ്ചിവീട്ടിൽ രണ്ടു മണിക്കൂറോളം തടഞ്ഞുവച്ചവർ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള അതിഥികളുടെ വിരുന്നുവരവിനെക്കൂടി അപമാനിക്കുകയാണു ചെയ്തത്. അതുകൊണ്ടാണ്, ടൂറിസം മേഖലയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയെന്ന അധികൃതരുടെ വാക്കു വിശ്വസിച്ച തനിക്കുണ്ടായ ദുരനുഭവത്തെ അദ്ദേഹം ഇങ്ങനെ വിലയിരുത്തിയത്: ‘സംസ്ഥാനത്തിന്റെ അതിഥിയോട് ഇത്തരത്തിൽ പെരുമാറിയത് ടൂറിസത്തിനും കേരളത്തിനും ഇന്ത്യയ്ക്കും നല്ലതല്ല.’
തിരുവനന്തപുരം കാര്യവട്ടം സർവകലാശാല ക്യാംപസിൽ ഗാംഭീര്യത്തോടെ നിൽക്കുന്ന ആ അരയാലിനെ പത്തു വർഷത്തിനുശേഷം കണ്ട്, മൈക്കൽ ലെവിറ്റ് കെട്ടിപ്പുണർന്ന സ്േനഹസുന്ദരവാർത്ത നാം കേട്ടുകഴിഞ്ഞതേയുള്ളൂ. 2013ൽ രസതന്ത്രത്തിനു നൊബേൽ നേടിയ അദ്ദേഹം ഇക്കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും സർവകലാശാലയിലെത്തിയത് പ്രഭാഷണ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു. 2010ൽ, പ്രഭാഷണത്തിനായി ഈ ക്യാംപസിലെത്തിയ അദ്ദേഹം അന്നു നട്ട തൈയാണ് ആ വിദേശിക്കു കേരളത്തോടുള്ള സ്നേഹത്തിന്റെകൂടി പ്രതീകമായി ഇപ്പോൾ വലിയ മരമായി മാറിയത്.ദൈവത്തിന്റെ സ്വന്തം നാടെന്നു നാം അവകാശപ്പെടുന്നതു പ്രകൃതി കോരിച്ചൊരിയുന്ന സൗന്ദര്യംകൊണ്ടു മാത്രമല്ല, കേരളം തുറന്നുവയ്‌ക്കുന്ന കാഴ്‌ചപ്പരപ്പിനൊപ്പം കുലീനമായ ആതിഥേയത്വത്തിന്റെ പാരമ്പര്യം കൊണ്ടുകൂടിയാണ്. പക്ഷേ, ഇന്നലെയുണ്ടായ നിർഭാഗ്യസംഭവം വിദേശസഞ്ചാരികൾക്കു മുന്നിൽ നമ്മെ ചെറുതാക്കുകതന്നെ ചെയ്യും. സംസ്ഥാന അതിഥിയായ നൊബേൽ ജേതാവിനു സർക്കാർ നൽകേണ്ട സുരക്ഷയിലും വീഴ്ചയുണ്ടായി.
ഇന്നും നാളെയുമായി കൊച്ചിയിൽ സർക്കാർ നടത്തുന്ന അസെൻഡ് നിക്ഷേപ സംഗമത്തിന്റെ തലേന്നാണ് ഈ സംഭവം ഉണ്ടായതെന്നും പ്രളയം സൃഷ്ടിച്ച മാന്ദ്യത്തെ മറികടന്ന്, കേരള ടൂറിസത്തിന്റെ നവോന്മേഷം വിളംബരം ചെയ്ത വേളയിലാണ് ഇതെന്നുംകൂടി ഓർമിക്കാം. ഇത്തരം ദുരനുഭവങ്ങളുടെ ‘പിൻബലത്തിലാണോ ഈ സീസണിന് 15% വാർഷിക വളർച്ചനിരക്ക് ടൂറിസം വകുപ്പ് കണക്കാക്കുന്നത്? കേരളത്തിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നും തൊഴിൽമേഖലയുമായി ടൂറിസം മാറിയിരിക്കേ, ഇത്തരം അപശ്രുതികൾ രാജ്യാന്തരതലത്തിൽ നമുക്കുണ്ടാക്കുന്ന തിരിച്ചടി നിസ്സാരമായി കാണരുത്.
ഹർത്താലുകൾക്കും പരിസരമലിനീകരണത്തിനും സുരക്ഷിതത്വഭീഷണിക്കുമൊക്കെ പുറമേ, അതിരുവിട്ട പെരുമാറ്റം കൂടിയാവുമ്പോൾ വിദേശസഞ്ചാരികൾ വേറെ ദേശങ്ങളിലേക്കു വിമാനം കയറും; അതിന്റെ കാരണം നവമാധ്യമങ്ങളിലൂടെ ഉടൻ ലോകസഞ്ചാരികളെയാകെ അറിയിക്കുകയും ചെയ്യും. മൈക്കൽ ലെവിറ്റിനുണ്ടായത് ഒറ്റപ്പെട്ട സംഭവമാണെന്നു പറഞ്ഞതുകൊണ്ടും തടഞ്ഞുവച്ചവർക്കെതിരെ കേസെടുത്തതുകൊണ്ടുമൊന്നും കേരള ടൂറിസത്തിനും നമ്മുടെ ആതിഥേയത്വത്തിനുംമേൽ വീണ ഈ കരിനിഴൽ മായില്ല. അതു മായാൻ എന്തുചെയ്യണമെന്ന് സർക്കാരും ടൂറിസം വകുപ്പും ആത്മപരിശോധനയിലൂടെ കണ്ടെത്തേണ്ടതുണ്ട്.പരിസ്ഥിതി സുസ്ഥിരതയും ജൈവ വൈവിധ്യവും സാമൂഹിക‑സാംസ്‌കാരിക പൈതൃകവും തകര്‍ക്കുന്ന  അനിയന്ത്രിത ടൂറിസം നമുക്ക് വേണ്ട .പരിസ്ഥിതി സൗസഞ്ചാരികളെ ദേശ വിനോദസഞ്ചാരികൾ  ശ്രീലങ്കയിലേക്കും  ദുബായിലേക്കുമാണ്  പോകുന്നത് . കേരളത്തിലേക്ക് അതിഥികളായി കണ്ട്  അവരെ  ആദരിക്കാനും ബഹുമാനിക്കാനും കഴിയണം .

പ്രൊഫ്. ജോൺ കുരാക്കാർ

Wednesday 8 January 2020

പാവപെട്ട വിശ്വാസിയുടെ കണ്ണിൽ പൊടിയിടൽ അവസാനം കെണിയിലേക്ക് വലിച്ചിഴക്കും


പാവപെട്ട വിശ്വാസിയുടെ കണ്ണിൽ പൊടിയിടൽ
അവസാനം കെണിയിലേക്ക് വലിച്ചിഴക്കും
പള്ളികളിൽ ഒന്നൊന്നായി വിധി നടപ്പാകുന്നതുകണ്ട്  കരയുന്ന  യാക്കോബായ വിഭാഗത്തിന്  ഗവർണ്ണർ സെമിത്തേരി  ഓർഡിനൻസ്  ഒപ്പിട്ടതിൽ യാക്കോബായകാർക്ക്  സന്തോഷിക്കാം .യാക്കോബായ വിഭാഗത്തിൻറെ  ഒരു സൈബർ ഗ്രൂപ്പ്  പറയുന്നത് "ഇനിയും പത്രോസിന്റെപടക്കുതിര ചീറിപായും,അന്ത്യോഖ്യാ മലങ്കരബദ്ധംനീണാൾ വാഴട്ടെ"എന്നാണ് .ശക്തനായ ഭരണാധികാരിയുടെ  തീരുമാനത്തിനും .ഓർഡിനൻസിൽ  ഒപ്പു വച്ച ഗവർണർക്കും അവർ ആദരവ്  രേഖവിഭാഗത്തെ പ്പെടുത്തി .ഇന്ന് കേരള ഗവർണർ ഒപ്പിട്ട ഓർഡിനൻസ് പ്രകാരം യാക്കോബായ സഭയിൽ പെട്ട ഒരു വിശ്വാസി മരിച്ചാൽ അദ്ദേഹത്തിൻറെ  കുടുംബകല്ലയുള്ള സെമിത്തേരിയിൽ യാതൊരു വിധത്തിലുള്ള തടസ്സവും കൂടാതെ ശവസംസ്‌കാരം നടത്താവുന്നതാണ്. അതിന് ഏതെങ്കിലും രീതിയിൽ തടസ്സം നിന്നാൽ പിഴയും  തടവും ലഭിക്കും. സുപ്രീം കോടതിയുടെ  പരമോന്നത വിധിയെ  മറികടക്കാൻ  ഈ ഓർഡിനൻസിന് കഴിയുമോ ?
സുപ്രിം കോടതിയോ , സർക്കാരോ വലുത് ? സാവകാശത്തിൽ   എല്ലാം പുറത്തുവരും .പരമോന്നത  കോടതി വിധികൾക്കു പുല്ലുവില . കോടതിയെക്കാൾ വലിയ സർക്കാരുകൾ വളരുന്നു . ഇത് കേരളത്തിൽ മാത്രം കണ്ടുവരുന്ന പുതിയ ഒരു പ്രവണതയാണ് .നീതിയും നിയമവും നടത്തുവാൻ ബാധ്യസ്ഥരായവർ അതിനെ എങ്ങനെ ഇല്ലാതാക്കാം എന്നു പഠനം നടത്തിക്കൊണ്ടിരിക്കുന്നു .ഓഡിനൻസ് എന്ന മുഖമൂടി അണിഞ്ഞു സർക്കാർ നിയമം ആക്കുവാൻ നോക്കുമ്പോൾ മറുവശത്തു കോടതിവിധികൾക്കു നേരെ കൊഞ്ഞനം കുത്തൽ ആകുന്നു . സർക്കാർ  എന്തിനു ഇതൊക്കെ കാട്ടിക്കൂട്ടുന്നു? .യാക്കോബായ വിഭാഗത്തെ  അവസാനം നാണം കെടുത്തും .നിയമം മറികടക്കാൻ , നിയമം തെറ്റിക്കുന്ന ഇവർക്ക് നേരെ സുപ്രീം കോടതിയിൽ നിന്ന് വരുവാൻ ഇരിക്കുന്നത് വഴിയിൽ തങ്ങില്ല എല്ലാം കൊണ്ടറിയട്ടെ .
സഭാ പ്രശനം പരിഹരിക്കാൻ ഒരേ ഒരു മാർഗം. ഇന്ത്യാ മഹാരാജ്യത്തോടും അതിന്റെ ഭരണഘടനയോടും കൂറും വിധേയത്വവും ഉള്ള ഭരണാധികാരികൾ ഉണ്ടായാൽ മതി.കോടികണക്കിന് അനുയായികൾ ഉള്ള ഗുർമത് സിംഗിനെ നിയമം ബന്ധിച്ചു.. അത് സുപ്രിം കോടതി പറഞ്ഞിട്ട് അല്ല. വെറും കിഴ് കോടതി വിധി. നീതിയെ സ്നേഹിക്കുന്ന ഭരണാധികാരികൾ രാജ്യത്തിനുവേണം .തമിഴ് നാട്ടിൽ ഒരു മടാധിപതി ഒരു കൊലപാതം നടത്തി. ജയളിത മുഖ്യ മന്ത്രി അദ്ദേഹത്തെ തുറുങ്കിൽ അടച്ചു.. ആ കാലഘട്ടത്തിൽ പെരുമ്പാവൂരിൽ ഒരു പള്ളി പ്രമാണിയെ ഒരു ക്രിസ്ത്യൻ മഹാ പുരോഹിതൻ കൊല്ലിച്ചു. കേരളത്തിൽ കേസ് അനന്തമായി നീളുന്നു .പണമോഹികളും  അധികാര മത്തു പിടിച്ച രാഷ്ട്രീയക്കാരും ഉള്ള കാലത്തോളം  സഭയിലും സമൂഹത്തിലും  നീതി പെട്ടന്ന് നടപ്പാകില്ല . കോടതി വിരുദ്ധ സമരവും മതമൈത്രീ സമരമുറകളും മുറയ്ക്കു നടക്കും.  പിറവത്തും, കോതമംഗലത്തും കോടതി വിരുദ്ധ നാടകം നടമാടുമ്പോൾ നിയമം നടത്തേണ്ട പോലീസ് വെറും   കാഴ്ച്ചക്കാർ.. കോടതി വിധിപ്രകാരം കേവലം 30.മിനിറ്റുകൊണ്ട് വിധി നടപ്പാക്കി സഭാ പ്രശനം പരിഹരിക്കാൻ കേരളാ പൊലീസിന് കഴിവുണ്ട്. പക്ഷേ രാഷ്ട്രിയ മുതലെടുപ്പ് തടസ്സമായി മാറുന്നു .കോടതി വിധി നടപ്പാക്കുകയല്ലാതെ മറ്റ് വഴികളിലെന്ന് തിരിച്ചറിയാൻ  ആർക്കാണ് കഴിയാത്തത് .പാവപെട്ട വിശ്വാസിയുടെ കണ്ണിൽ പൊടിയിടൽ അവസാനം കെണിയിലേക്ക്.വലിച്ചിഴക്കും

പ്രൊഫ്. ജോൺ കുരാക്കാർ