Sunday, 5 January 2020

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻറെ യൗവനത്തിലേക്കു കടക്കുന്ന കേരളം


ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻറെ യൗവനത്തിലേക്കു കടക്കുന്ന കേരളം
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ യൗവനത്തിലേക്ക്  ലോകത്തോടൊപ്പം കേരളവും  കടക്കുകയാണ്,അതിവേഗംപായുന്ന ശാസ്ത്രയുഗത്തിലൂടെയാണ് നാം കടന്നുപോകുന്നത് .ലോകത്ത്  ഒരു ഭാഗത്ത്  കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി ദുരിതങ്ങൾ സംഭവിക്കുകയാണ് .പ്രകൃതിയെ സംരക്ഷിക്കാൻ  നമുക്ക് കഴിയുന്നില്ല , അതിനുള്ള അവസരങ്ങൾ ഒരുപാടു നമ്മൾ നഷ്ടപ്പെടുത്തി. കാടുകളൊക്കെ പോയി, ജലാശയങ്ങൾ നികത്തി കെട്ടിടം വച്ചു.പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർന്നു . കേരളത്തിലും ജാതി മത ചിന്ത അപകടമാംവിധം വളരുകയാണ്. ജാതിമത സ്പർധ ഇല്ലാതാകണം. രാജ്യം മുഴുവൻ സ്പർധ വർധിച്ചു വരുന്നു. കേരളത്തിൽ ഗ്രാമപ്രദേശങ്ങളിൽ പോലും അതിന്റെ അലയൊലികൾ ഉണ്ടാകുന്നു..നമ്മൾ താരതമ്യേന ഭേദപ്പെട്ട സമൂഹമാണ്; വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മറ്റു പല മേഖലകളിലും. മാനവികതയ്ക്കുവേണ്ടി നിലകൊള്ളുന്ന കൂടുതൽ നല്ല സമൂഹമായി മാറണം.
ശാസ്ത്ര  സാങ്കേതികവിദ്യയിലെ മുന്നേറ്റത്തിലൂടെ ലോകം ചെറുതായി വരികയാണ്.  കണക്ടിവിറ്റിയുടെ സാധ്യതകൾ വർധിച്ചുവരുന്നു. ഈ സാധ്യത മുന്നിൽക്കണ്ട് അതു പ്രയോജനപ്പെടുത്താൻ കഴിയുന്ന രീതിയിലുള്ള ഇക്കോ സിസ്റ്റം വളർത്തിയെടുക്കാനാണ് നമ്മൾ ഊന്നൽ നൽകേണ്ടത്.എങ്കിൽ, ലോകത്തിന്റെ പലഭാഗങ്ങളിൽ ജോലിതേടിപ്പോകുന്ന പ്രതിഭകളുടെ സേവനം നമുക്ക് ഇവിടെത്തന്നെ ഉപയോഗിക്കാനാകും. അതു നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കും പ്രയോജനപ്പെടും. കാലാവസ്ഥാവ്യതിയാനം നമ്മുടെ വീട്ടുപടിക്കലെത്തിക്കഴിഞ്ഞു. കാർബൺ ന്യൂട്രൽ ഉൾപ്പെടെയുള്ള നയങ്ങളിലൂടെ അതിനെ പ്രതിരോധിക്കണം.ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായി തുടങ്ങിവച്ച പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകണം. സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃഷി പ്രോത്സാഹിപ്പിക്കണം.
പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കി സ്വകാര്യ വാഹനങ്ങളുടെ വർധന കുറയ്ക്കുകയും ജനങ്ങളെ പൊതുഗതാഗത സംവിധാനത്തോടടുപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും വേണം.കേരളത്തിൽ നിലവിലുള്ള റെയിൽവേ ട്രാക്കുകളിലൂടെ നൂതന സംവിധാനങ്ങളുള്ള ആധുനിക ട്രെയിനുകൾ കൂടുതലായി ഓടിക്കണം. നിലവിൽ ഇതു തികച്ചും അപര്യാപ്തമാണ്. രണ്ടു വർഷം നമ്മൾ അഭിമുഖീകരിച്ച പ്രളയദുരന്തം ആവർത്തിക്കപ്പെട്ടേക്കാം. പ്രളയത്തിന്റെ കാരണം കണ്ടെത്തലോ യുക്തമായ പരിഹാര ചിന്തകളോ നടപടികളോ ഇതുവരെ ഉണ്ടായിട്ടില്ല.ദുരന്തങ്ങളുടെ മൂലകാരണമറിയാതെ അതെങ്ങനെയാണു നമ്മൾ നേരിടുക? ഇത്തരം വിഷയങ്ങളി‍ൽ ഭരണകൂടത്തിന് സുചിന്തിതമായ ദീർഘവീക്ഷണം കൂടിയേ തീരൂ.  വിജ്ഞാനം ഉൽപാദിപ്പിക്കുന്നവരാണു ലോകം ഭരിക്കുന്നത്. വിജ്ഞാനദാഹം ഏറ്റവും അധികമുള്ള നാടാണുകേരളം. ഏറ്റവും കൂടുതൽ ഗവേഷണ സ്ഥാപനങ്ങളും സർവകലാശാലകളും ഇവിടെയുണ്ട് .പക്ഷെ വിജ്ഞാന ഉൽപാദനം നടക്കുന്നില്ലയെന്നുമാത്രം. കേരളത്തിലെ വികസന ചർച്ചകളിൽ ഒന്നുംതന്നെ ശാസ്ത്ര – സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന കാര്യം വരുന്നില്ല. പതിറ്റാണ്ടുകൾക്കു മുൻപ് ഹോർത്തൂസ് മലബാറിക്കസ് രചിക്കപ്പെട്ടു.350ൽ പരം ഔഷധസസ്യങ്ങളെക്കുറിച്ച് അതിൽ പ്രതിപാദിക്കുന്നു. എന്നാൽ, ആ ഗ്രന്ഥത്തെ അടിസ്ഥാനമാക്കി ഔഷധ ഉൽപാദനത്തിനായി നാം ഗവേഷണം നടത്തുന്നില്ല. ആ സ്ഥിതി മാറണം.
ഭൂരഹിതരായ എല്ലാവർക്കും ഭൂമി കിട്ടത്തക്കവിധം അടിയന്തര ഭൂപരിഷ്കരണം നടപ്പാക്കണം. ആദിവാസിഭൂമി നഷ്ടപ്പെട്ടുപോകുന്നതു തടയണം.മതേതര, ജനാധിപത്യ ഇന്ത്യയെന്നതു നിലനിൽക്കുകയും സംരക്ഷിക്കപ്പെടുകയും വേണമെങ്കിൽ യുവതയെ അതിനു സജ്ജരാക്കണം.   പുറത്തുനിന്നു വലിയ തോതിൽ പണം ഒഴുകിയെത്തിയ കഴിഞ്ഞ 50 വർഷം, അതിനെ ഉൽപാദനക്ഷമമായ പാതകളിലേക്കു തിരിച്ചുവിടാൻ കേരളത്തിനു കാര്യമായി കഴിഞ്ഞില്ല.മലയാളികളുടെ ഭാവി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി, മതത്തിന്റെയും ജാതിയുടെയും അന്ധവിശ്വാസങ്ങളുടെയും ഇന്നുണ്ടാകുന്ന അതിശക്തമായ പുനരുത്ഥാനവും അതിന്റെ മറവിൽ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്ന വർഗീയവൽക്കരണവുമാണ്.മൂന്നു മതസംസ്കാരങ്ങളും വ്യത്യസ്തങ്ങളായ രാഷ്ട്രീയചിന്തകളും ചേർന്നു രൂപീകരിച്ചതാണു മലയാളിക്ക് ഇന്നുള്ള സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ ഐക്യത്തിന്റെ അടിത്തറ. ഐടിയുടെ റിസർച് ആൻഡ് ഡവലപ്മെന്റ് ഹബ്ബാക്കി കേരളത്തെ മാറ്റണം. അതിനായി വിദ്യാഭ്യാസപദ്ധതികൾ രൂപകൽപന ചെയ്യണം.
ആഗോളതലത്തിൽത്തന്നെ ഈ രംഗത്തു കയ്യൊപ്പു ചാർത്തിയവരാണു മലയാളികൾ.മനുഷ്യവിഭവശേഷിയാണു മറുനാട്ടിൽ മലയാളിയുടെ കരുത്ത്. അതു ഫലപ്രദമായി വിനിയോഗിച്ചാൽ, സ്വന്തം നാട്ടിൽത്തന്നെ ഒട്ടേറെ സാധ്യതകൾക്കു വഴിതുറക്കാം.മുതൽമുടക്കുന്നവരെ മുതലാളിയായിക്കണ്ട് അവർക്കെതിരായ വികാരം വളർത്തുന്നത് ഒഴിവാക്കുക. തൊഴിൽനിയമങ്ങൾ പാലിച്ചു പ്രവർത്തിക്കുന്ന വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക.  കാർഷിക, ഗ്രാമീണമേഖലകളിലേക്ക് ശ്രദ്ധയൂന്നിയാൽ മാത്രമേ ടൂറിസം രംഗത്ത് മുന്നോട്ടുപോകാനാകൂ. വെറും കാഴ്ചകളല്ല, അനുഭവങ്ങളാണ് ഇന്നത്തെക്കാലത്ത് സഞ്ചാരികളുടെ ലക്ഷ്യം.കുട്ടനാട്ടിലെ കൃഷിരീതികളും മത്സ്യക്കൃഷി വിളവെടുപ്പുമെല്ലാം ടൂറിസം ഉൽപന്നങ്ങൾ കൂടിയായി മാറണം.ക്രൂസ് ടൂറിസം ലോകത്ത് അതിവേഗം മുന്നോട്ടുകുതിക്കുകയാണ്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ആഡംബരക്കപ്പൽ സർവീസിന് മികച്ച സാധ്യതകളുണ്ട്.വിനോദസഞ്ചാരത്തിൽ സുഖചികിത്സയ്ക്ക് കൂടുതൽ പ്രാമുഖ്യം നൽകുകയും വെൽനെസ് ടൂറിസത്തിലൂന്നിയുള്ള പദ്ധതികൾ നടപ്പാക്കുകയും വേണം.

പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment