ഇന്ത്യയുടെ ടൂറിസം വളരുകയാണോ ?
മനുഷ്യന് യാത്രകൾ നവോന്മേഷം പകരുന്നു . യാത്രകള്‍ ജീവിതത്തിലും മനസിലും പുതിയ വാതിലുകള്‍ തുറന്നിടുന്നു. അറിയപ്പെടാത്ത ഭൂപ്രദേശങ്ങളും അനുഭവിക്കാത്ത കാലാവസ്ഥകളും പുത്തന്‍ രുചിക്കൂട്ടുകളും പുതിയ മനുഷ്യരും യാത്രകളെ മനോഹരമാക്കുന്നു ,ഒരു കാലത്ത് കാപ്പിയും കുരുമുളകും തേടി സഞ്ചരിച്ചവര്‍ ഇന്ന് നമ്മുടെ കായല്പ്പുറങ്ങളും നാടന്സന്ധ്യകളും തേടിയാണ് വരുന്നത് . രാജ്യങ്ങള്‍ തമ്മിലുള്ള സമാധാനവും സഹവര്ത്തിത്വവും നിലനില്ക്കേണ്ടത് ആവശ്യപ്പെടുന്ന ഒരു വ്യവസായ മേഖലയാണ് ടൂറിസം മേഖല .ഐക്യരാഷ്ട്രസഭയുടെ
ഏറ്റവും പുതിയ കണക്ക് പ്രകാരം ലോകത്ത് ടൂറിസം മേഖല 27.7 കോടി പേര്ക്ക് നേരിട്ട് തൊഴില്‍ നല്‍കുന്നു. 7.6 ട്രില്യന്‍ ഡോളര്‍ പരോക്ഷവരുമാനമാണ് ഇതിലൂടെ ലഭിക്കുന്നത്. 2014ലെ ആഗോളമൊത്തവരുമാനത്തിന്റെ 9.8 ശതമാനം വരുമിത്.ഇന്ത്യയ്ക്ക് വിദേശനാണ്യം നേടികൊടുക്കുന്നതില്‍ മൂന്നാംസ്ഥാനത്താണ് ടൂറിസം മേഖല. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദത്തിന്റെ 9.6 ശതമാനം ടൂറിസം മേഖലയുടെ സംഭാവനയാണ്. രാജ്യത്ത് രണ്ടുകോടിയിലേറെ പേര്ക്കെങ്കിലും ടൂറിസം മേഖല നേരിട്ട് തൊഴില്‍ നല്‍കുന്നു. അതായത് രാജ്യത്തിന്റെ മൊത്തം തൊഴിലവസരത്തിന്റെ 5.8 ശതമാനം വരുമിത്. അമേരിക്ക, ബംഗ്ലാദേശ്, ബ്രിട്ടണ്‍, ശ്രീലങ്ക, ക്യാനഡ എന്നിവടിങ്ങളില്‍ നിന്നാണ് രാജത്തേക്ക് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്.
കേരളവും ടൂറിസ്റ്റ് മേഖലയിൽ മുന്നിൽത്തന്നെയാണ് . വിദേശികൾ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽനിന്നും മുംബൈ പോലുള്ള വൻനഗരങ്ങളിൽനിന്നും സഞ്ചാരികളുടെ വലിയ ഒഴുക്കാണ് കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത് .. ഈ ടൂറിസം സീസണിന് 15% വാർഷിക വളർച്ചനിരക്ക് ടൂറിസം വകുപ്പ് കണക്കാക്കുകയും ചെയ്തു.കേരളത്തിനു വർഷം 34,000 കോടി രൂപയുടെ വരുമാനം നേടിത്തരുന്ന വ്യവസായമാണ് ടൂറിസം. 15 ലക്ഷം പേർക്കു പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുന്ന ഈ മേഖലയിൽ ഇനിയുമേറെ മുന്നോട്ടുപോകാൻ സർക്കാരും പൊതുസമൂഹവും പല കാര്യങ്ങളും ചെയ്യേണ്ടതുണ്ട്. രാജ്യാന്തര വിമാനത്താവളങ്ങൾ, തുറമുഖം, ട്രെയിൻ – ബസ്– മെട്രോ സർവീസുകൾ... എല്ലാമുണ്ട് നമുക്ക്. പക്ഷേ, കൊച്ചിയിൽ വന്നിറങ്ങുന്ന ഒരു സഞ്ചാരിക്കു മൂന്നാറിലോ വയനാട്ടിലോ എത്താൻ എത്ര മണിക്കൂർ റോഡിലൂടെ സഞ്ചരിക്കണം? എത്രയെത്ര ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കണം? അടിസ്ഥാന സൗകര്യവികസനം ടൂറിസത്തിന്റെ വളർച്ചയ്ക്കുകൂടി വേണ്ടതാണ്. പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽക്കൂടി, മണിക്കൂറുകൾ നീളുന്ന യാത്രകൾ സഞ്ചാരികളെ അകറ്റുകയേ ഉള്ളൂ. പതിവായി ഗതാഗതക്കുരുക്കുള്ള പ്രധാനയിടങ്ങളിൽ മേൽപാലങ്ങളും ബൈപാസുകളും നിർമിക്കേണ്ടതും കാലത്തിന്റെ ആവശ്യമാണ്.
ആഭ്യന്തരയുദ്ധത്തിനുശേഷം ശ്രീലങ്ക ടൂറിസം രംഗത്തു കൈവരിച്ച നേട്ടങ്ങൾ നമുക്കു മുന്നിലുണ്ട്. കേരളത്തെക്കാൾ മോശമായ സാഹചര്യങ്ങളിൽ നിന്നാണ് ശ്രീലങ്ക ലോകോത്തരനിലവാരത്തിലേക്ക് ഉയർന്നതെന്നത് അയൽക്കാരായ നമുക്കുകൂടി കാണാനുള്ളതാണ്. അടിസ്ഥാനസൗകര്യ വികസനത്തിന്റെയും ശുചിത്വത്തിന്റെയും കാര്യത്തിൽ ലങ്ക ഇതിനകം തന്നെ കേരളത്തെക്കാൾ മുന്നേറിക്കഴിഞ്ഞു. സഞ്ചാരികളോടുള്ള മനോഭാവത്തിന്റെ കാര്യത്തിൽ ഉൾപ്പെടെ ശ്രീലങ്ക നമുക്കു മികച്ച മാതൃകയാണുതാനും. കുറച്ചു വർഷംമുൻപ്, ചില സർക്കാർനയങ്ങളുടെ ഭാഗമായി നമ്മുടെ ടൂറിസം മേഖല തളർന്നപ്പോൾ, കേരളത്തിനു പകരം ശ്രീലങ്ക തിരഞ്ഞെടുത്ത സഞ്ചാരികളുടെ എണ്ണം കുറച്ചൊന്നുമല്ല.
പരിസ്ഥിതി പൂർണമായും സംരക്ഷിച്ചുകൊണ്ട് നാട്ടുകാരുടെ പങ്കാളിത്തത്തോടെയുള്ള ഉത്തരവാദിത്ത വിനോദസഞ്ചാര വികസനത്തിനു കേരളം പ്രാധാന്യം നൽകേണ്ടതുണ്ട്. വെറും കാഴ്ചകൾക്കപ്പുറത്ത് അനുഭവങ്ങൾകൂടി തേടുന്ന സഞ്ചാരികളുടെയും മനസ്സു നിറയ്ക്കാനാവണം. കാർഷിക, ഗ്രാമീണ മേഖലകളിലേക്കും നമ്മുടെ ടൂറിസം ശ്രദ്ധയൂന്നേണ്ടതുണ്ട്. പൊതുഗതാഗതസംവിധാനങ്ങൾ
കാര്യക്ഷമമാക്കിയും കായലുകളും നദികളും സംരക്ഷിച്ചും മാലിന്യസംസ്കരണത്തിനും ശുചിത്വത്തിനും പ്രഥമ പരിഗണന നൽകിയുമാവണം നാം വിനോദസഞ്ചാരികളെ വരവേൽക്കേണ്ടത്. ഹർത്താലും വഴിമുടക്കി പ്രതിഷേധവുമെല്ലാം വിനോദസഞ്ചാരികളെ അകറ്റുകയേയുള്ളൂ എന്ന തിരിച്ചറിവ് രാഷ്ട്രീയപാർട്ടികൾക്കും സംഘടനകൾക്കും കൈവരികയും വേണം. നമ്മുടെ കായലുകളും കായലോരങ്ങളും ഇന്ന്
മാലിന്യ കൂമ്പാരമായി മാറിയിരിക്കുകയാണ് .പൊതുശുചിത്വം ടൂറിസത്തിൻറെ അനിവാര്യഘടകമാണ്.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment