Saturday, 11 January 2020

ലോക സമാധാനം തകർക്കരുത്


ലോക സമാധാനം
  തകർക്കരുത്
ലോകം വീണ്ടുമൊരു യുദ്ധത്തിലേക്ക് പോകുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .ഇറാൻ ഭരണനേതൃത്വവുമായും ഷിയാ മതനേതൃത്വവുമായും വളരെ അടുത്തുനിൽക്കുന്ന സേനാ കമാൻഡർ ഖാസിം സുലൈമാനിയെ ഡ്രോൺ ആക്രമണത്തിലൂടെ ച വധിച്ച അമേരിക്കൻ നടപടി പശ്ചിമേഷ്യയെ കടുത്ത സംഘർഷത്തിലേക്കാണ് നയിക്കുന്നത്.ഇസ്ലാമിക വിപ്ലവത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയെന്ന് ഇറാൻ മതനേതാവ് വിശേഷിപ്പിച്ച വ്യക്തിയാണ് കൊല്ലപ്പെട്ട കമാൻഡർ.ഭീകരവാദത്തോടുള്ള അമേരിക്കൻ ഇരട്ടത്താപ്പിന്റെ അവസാനത്തെ ഉദാഹരണംകൂടിയാണ് സുലൈമാനിയുടെ വധം.റഷ്യൻ സേനകളും അമേരിക്കൻ വ്യോമസേനയും ചേർന്നുകൊണ്ടായിരുന്നു ഐഎസ് സ്ഥാപകനും മേധാവിയുമായ അബൂബക്കർ അൽ ബാഗ്‌‌ദാദിയെ വധിച്ചത് .ലോക പൊലീസ് ചമഞ്ഞ്‌ അമേരിക്ക നടത്തിയ കൊലപാതകമായിട്ട്  മാത്രമേ ഖാസിം സുലൈമാനിയുടെ മരണത്തെ കാണാൻ കഴിയുകയൂള്ളു ..
 ഒരു പരമാധികാര രാഷ്ട്രത്തിനെതിരെ അമേരിക്ക നടത്തിയ ആക്രമണത്തെ ന്യായികരിക്കാൻ ആർക്കും കഴിയുകയില്ല .ഈ കൊലപാതകം ലോകത്തെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിയിരിക്കുന്നു. അമേരിക്കയുടെ വകതിരിവില്ലാത്ത, ഏകപക്ഷീയമായ പ്രവൃത്തി ലോകത്ത്  അസമാധാനത്തിന്റെ കനൽകെടുത്താൻ ഉടനൊന്നും കഴിയുമെന്ന്  തോന്നുന്നില്ല .ഈ സംഭവം  ഇന്ത്യയുൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെയുള്ളിലും തീകോരിയിടുന്നുണ്ട്. എണ്ണവിലയിലെ കുതിച്ചുകയറ്റം മാത്രമല്ല അതിനുകാരണം. ഗൾഫ് മേഖലയിലെ യുദ്ധം ഉപജീവനാർഥം അവിടെക്കഴിയുന്ന 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ സുരക്ഷയെ ബാധിക്കുമെന്നതുകൂടിയാണ്.   ബാഗ്ദാദിലെ അമേരിക്കൻ കാര്യാലയത്തിലേക്കു തള്ളിക്കയറാൻ കഴിഞ്ഞയാഴ്ച ആദ്യം ഇറാഖിലെ പ്രക്ഷോഭകർ ശ്രമിച്ചതാണ് മേജർ ജനറൽ സുലൈമാനിയുടെ കൊലയ്ക്കുള്ള കാരണമായിപറയുന്നത്. പക്ഷേ, അധികാരത്തിലേറിയ അന്നുമുതൽ ഇറാനുനേരെ പടയൊരുക്കം തുടങ്ങിയതാണ് ട്രംപ്. ഇറാനുമായി നിലനിന്നിരുന്ന വൈരം ശമിപ്പിക്കാൻ മുൻ പ്രസിഡന്റ് ബരാക് ഒബാമ നടത്തിയ ശ്രമങ്ങളെ വിമർശിച്ചാണ് ട്രംപ് അധികാരത്തിലേറിയത്.
 യു.എൻ. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും യൂറോപ്യൻ യൂണിയനും ഇറാനുമായി 2015-ലുണ്ടാക്കിയ ആണവക്കരാറിൽനിന്ന് 2018-ൽ അമേരിക്ക ഏകപക്ഷീയമായി പിന്മാറി. ഇറാനുമേലുള്ള ഉപരോധങ്ങൾ പുനഃസ്ഥാപിച്ചു. 2019 ഏപ്രിലിൽ ഇറാനിയൻ റെവലൂഷണറി ഗാർഡ് കോറിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു.പശ്ചിമേഷ്യ നീറിപുകയുകയാണ് . 17 കൊല്ലംമുമ്പ് അമേരിക്ക നടത്തിയ അധിനിവേശത്തിന്റെ ഫലമാണ് ഇപ്പോഴും ഇറാഖിൽത്തുടരുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥ. സിറിയയിലും യെമെനിലും ആഭ്യന്തരയുദ്ധം അവസാനിച്ചിട്ടില്ല. പലസ്തീനും ഇസ്രയേലും ഇപ്പോഴും പോർവിളിയിലാണ്. ഇറാനുമായി കൊമ്പുകോർക്കാൻ തക്കംപാർത്തിരിക്കുകയാണ് ഇസ്രയേൽ. ഇങ്ങനെ ബഹുമുഖ സംഘർഷങ്ങളുടെ വേദിയാണ്  പശ്ചിമേഷ്യ.
ആയുധശേഖരം പരിശോധിക്കാനെത്തിയ യുഎൻ നിരീക്ഷകരോടു സഹകരിക്കാതിരുന്നതിന് 1998ൽ ബിൽ ക്ലിന്റൻ പ്രസിഡന്റായിരുന്നപ്പോൾ ഇറാഖിൽ നടത്തിയ മിസൈൽ ആക്രമണവുമായാണ് ഇപ്പോഴത്തെ ആക്രമണത്തെ നിരീക്ഷകർ താരതമ്യം ചെയ്യുന്നത്.ഗൾഫിൽ 60 ലക്ഷം പ്രവാസികളുള്ള ഇന്ത്യയ്ക്ക് ഇത് അതീവ ഗുരുതര പ്രശ്നമാണ്. ഇതുവഴിയുണ്ടാകുന്ന അസ്ഥിരതയും അതിനെക്കാളേറെ ശത്രുതയും എണ്ണവിലയിലും വ്യാപാരത്തിലും വരുത്തുന്ന പ്രശ്നങ്ങൾ ചെറുതായിരിക്കില്ല. പ്രശ്‍നങ്ങൾ ആളിക്കത്തിക്കാതിരിക്കാൻ  സമാധാനം ആഗ്രഹിക്കുന്ന  രാജ്യങ്ങൾ ശ്രദ്ധിക്കണം .

പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment