ഇനി നമുക്ക്
2020 ലേക്കുള്ള പ്രയാണമാണ്
2019 നോട് വിടപറയാൻ
നേരമായി ഇനി 2020 ലേക്കുള്ള പ്രയാണമാണ്. പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2020 ആദ്യമെത്തിയത്. ഒരു വര്‍ഷം കണ്‍മുമ്പില്‍
നിന്ന് മായുമ്പോള്‍ എന്തെന്തൊക്കെ ഓര്‍മകളാണ് നമ്മുടെ മനസ്സിന്റെ ഭിത്തിയില്‍ ഇടം പിടിച്ചിരിക്കുന്നത്. കദനവും കാരുണ്യവും കാലുഷ്യവും ഭയവും സന്തോഷവും നിറഞ്ഞ എത്രയെത്ര സംഭവങ്ങളാണ് കടന്നുപോയത് .കാലചക്രത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ ഇതൊക്കെ അനിവാര്യമാണ് .2020 വന്നെത്തി .അനേകം നക്ഷത്രങ്ങൾ നിറഞ്ഞ ആകാശംപോലെ, 2020പോലെ മനോഹരമാണ് നമ്മുടെ ഇന്ത്യ. അനേകം ഭാഷ, ജാതി, മതം, വസ്ത്രധാരണം.... ബഹുസ്വരമായ ഈ സംസ്‌കാരമാണ്
നമ്മുടെ കരുത്ത്. നാനാത്വത്തിലെ ഏകത്വം. ‘വസുധൈവ കുടുംബകം' എന്നാണ് പാർലമെന്റിന്റെ പ്രവേശനകവാടത്തിൽ എഴുതിവച്ചിട്ടുള്ളത്. ലോകംതന്നെ കുടുംബം എന്നർഥം.നമ്മുടെ ഭാരതത്തിൽ നിന്ന് വൈവിധ്യമുള്ള പൂന്തോട്ടം
ഇല്ലാതാകുമോ ? ജാതി മതചിന്ത ഇവിടെ ഭയനാകമാകും വിധം വളരുകയല്ലേ ?
2019 നെ കുറിച്ച് ഓർക്കുമ്പോൾ രണ്ടാം
പ്രളയം തകര്‍ത്തെറിഞ്ഞ ജീവിതങ്ങളെക്കുറിച്ചുള്ള ഓര്‍മകളില്‍ പോലും കണ്ണീര്‍ ഉറഞ്ഞു കിടപ്പുണ്ട്.ജമ്മുകശ്മീരിലെ 370 വകുപ്പ് റദ്ദാക്കിയതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് നാം സാക്ഷികളായി . പൗരത്വ നിയമ ഭേദഗതിക്കെതിരെയും ജനങ്ങൾ തെരുവിലാണ് .സംഭവബഹുലവും വിവാദപരവുമായ ഒട്ടേറെ സംഗതികളുടെ മാറാപ്പും പേറിയാണ് 2019 നമ്മില്‍ നിന്ന് നടന്നകലുന്നത്. 2020 പുണ്യങ്ങള്‍
വിളയിക്കുന്ന ഒരു വർഷമായി നമുക്ക് മാറ്റാം .
‘‘കാലമിനിയുമുരുളും വിഷുവരും
വർഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ്‌വരും
അപ്പോളാരെന്നുമെന്തെന്നുമാർക്കറിയാം’’
സഫലമായൊരു യാത്രയെക്കുറിച്ച് കവി എൻ.എൻ. കക്കാട്
എഴുതിയ വരികൾ ലോകമുള്ളിടത്തോളം കാലം പ്രസക്തമാണ്. ഒരു പൂർണവിരാമമില്ലാതെ ലോകമിങ്ങനെ മുന്നോട്ടുതന്നെ പോകും. കാലചക്രമെത്ര തിരിഞ്ഞാലും പ്രപഞ്ചം പ്രയാണം തുടർന്നുകൊണ്ടേയിരിക്കും. .
ഇന്ന് വായുവും വെള്ളവും മണ്ണും കൂടുതൽ മലിനവും വിഷമയവുമായി മാറി. കാടും കുന്നും പുഴയുമെല്ലാം കൈയേറ്റക്കരങ്ങളിലമർന്നു. ലോകത്തിന്റെ ജീവതാളത്തിന്, ജൈവനൈരന്തര്യത്തിനുള്ള പ്രാധാന്യം കണക്കിലെടുത്ത് ഐക്യരാഷ്ട്ര സഭ 2020-നെ സസ്യാരോഗ്യ വർഷമായി
ആചരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്
സഹജീവിസ്നേഹത്തിന് മുന്പത്തെക്കാളുപരി പോറലേറ്റോ എന്നു സംശയിക്കത്തക്ക സാമൂഹിക സാഹചര്യങ്ങൾ കേരളത്തിലും ഇന്ത്യയിലും ലോകത്തു പലയിടത്തും അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നു.
മാറ്റങ്ങൾ ദൃശ്യമാണെങ്കിലും സ്ത്രീസുരക്ഷയും വനിതാ ശാക്തീകരണവും പൂർണമായും കൈവരിക്കാനാകാത്ത ലക്ഷ്യങ്ങളായി ഇപ്പോഴും കടലാസിലൊതുങ്ങുന്നു. ലോകം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ് നാലപ്പാട്ട്
നാരായണമേനോൻ ഈ ലോകത്തിന്റെ പോക്കും
നിസ്സാരരായ മനുഷ്യരുടെ നിസ്സഹായതയും വരികളിലേക്ക് വരച്ചിട്ടതിങ്ങനെയാണ്.
‘അനന്തമജ്ഞാതമവർണനീയം
ഈ ലോകഗോളം തിരിയുന്നമാർഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു!’’
കാലം കാത്തുവെച്ച അദ്ഭുതങ്ങൾ കൊതിതീരെ കണ്ടുതീർക്കാൻ.
പുതുവർഷത്തിലേക്കു കാലൂന്നുമ്പോൾ, കടന്നുവന്ന വഴികളെക്കുറിച്ചുകൂടി നാം ചിന്തിക്കണം . പുതിയൊരു നാളെ, സമത്വസുന്ദരമായൊരു ലോകം കെട്ടിപ്പടുക്കാൻ നമുക്ക് പരിശ്രമിക്കാം . പോയകാലത്തിന്റെ തെറ്റുകളെ വരുംകാല ശരികൾകൊണ്ട് നമുക്ക് തിരുത്താനാകണം. അപരനെ ബഹുമാനിക്കാനും അവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കാതിരിക്കാനും നമുക്ക് കഴിയണം .ശുദ്ധമായ വായു, തെളിഞ്ഞ
വെള്ളം, മാലിന്യമുക്തവും വിഷരഹിതവുമായ മണ്ണ് എന്നിവ സാധ്യമാക്കാൻ നമുക്കാവണം. കാടും കാട്ടുമൃഗങ്ങളും പൂർവാധികം കരുത്തോടെ നിലനിൽക്കേണ്ടത് മനുഷ്യരാശിയുടെ നിലനിൽപ്പിനുതന്നെ അത്യന്താപേക്ഷിതമാണെന്ന് നമ്മൾ കൂടുതൽ തിരിച്ചറിയേണ്ടിയിരിക്കുന്നു. സ്ത്രീസുരക്ഷ
സമൂഹത്തിന്റെ ഉത്തരവാദിത്വമായി എല്ലാവർക്കും തോന്നുമാറാകണം. ഒറ്റക്കെട്ടായി ഈ പുതുവത്സരത്തെ നമുക്ക്
സ്വാഗതംചെയ്യാം.എല്ലാവർക്കും പുതുവത്സരാശംസകൾ .
പ്രൊഫ്.ജോൺ കുരാക്കാർ
No comments:
Post a Comment