Sunday, 3 June 2018

നീനു, കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയിലെ ജീവിക്കുന്ന രക്തസാക്ഷി

നീനു, കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയിലെ ജീവിക്കുന്ന 
                            രക്തസാക്ഷി


കെവിനൊപ്പം ജീവിക്കാൻ ചങ്കുറപ്പോടെ ഇറങ്ങിപ്പുറപ്പെട്ട  നീനുവിനോട് കെവിൻറെ  കുടുംബവും പൊലീസും കാട്ടിയ അനീതി മലയാളികളുടെ ഹൃദയത്തിൽ വേദനയായി അവശേഷിക്കുന്നു .സ്വന്തമായി ഭൂമിയും വീടുമില്ലാത്തവരാണ് കെവിന്റെ കുടുംബം. സ്വന്തമായി അധ്വാനിച്ച് ജീവിതം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലായിരുന്നു കെവിൻ. ഇതേ പ്രണയത്തിന്റെ പേരിൽ നേരത്തേ രണ്ടോ മൂന്നോ തവണ കെവിനെതിരെ കൊലപാതക ശ്രമമുണ്ടായിട്ടുണ്ട്. എന്നിട്ടും അവനെ സംരക്ഷിക്കാൻ നമ്മുടെ പൊലീസിനു കഴിഞ്ഞില്ല..തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താനുള്ള തെളിവുകളും പോലീസിനു കിട്ടിയിട്ടും എന്തുകൊണ്ടു പോലീസ് നിഷ്ക്രിയമായി?

കോട്ടയത്തുനിന്നു മണിക്കൂറുകൾ സഞ്ചരിച്ചു തെന്മലയിലെത്തുന്നതിനിടെ ഒരു ഡസനോളം പോലീസ് സ്റ്റേഷനുകളുടെ പരിധിക്കുള്ളിലൂടെ പ്രതികൾ കെവിനുമായി സഞ്ചരിച്ചു. എന്നിട്ടും കേരള പോലീസിന് അവരെ പിടികൂടാൻ കഴിഞ്ഞില്ല. പ്രതികളുമായി പോലീസ് ബന്ധപ്പെടുന്നുണ്ടായിരുന്നുവെന്നും അവർ പോലീസിനെ പണവും രാഷ്ട്രീയസ്വാധീനവുമുപയോഗിച്ചു വശത്താക്കിയെന്നുമൊക്കെയുള്ള ആരോപണങ്ങളുണ്ട്. കെവിനോടൊപ്പം തട്ടിക്കൊണ്ടുപോയ ബന്ധുവിനെ അവർ തിരികെ വിട്ടപ്പോൾ അയാൾ പോലീസ് സ്റ്റേഷനിലെത്തി പറഞ്ഞ വിവരങ്ങളും പ്രതികളെ കണ്ടെത്താൻ സഹായകമായിരുന്നു. പക്ഷെ അവർ ഒന്ന് ചെയ്തില്ല .

നമ്മുടെ സാമൂഹിക ഇരട്ടത്താപ്പിന്റെ ഇരയായി മാറുകയായിരുന്നു കെവിൻ. പണത്തിന്റെയും ജാതിയുടെയും തുലാസ്സിൽ അവന്റെ പ്രേമം വച്ചു തൂക്കിയവർക്ക് അളവൊപ്പിക്കാൻ അവന്റെ ആയുസ്സ് എടുത്തു മാറ്റേണ്ടിവന്നു.ജാതി, മത വേർതിരിവുകൾ ഒരു പരിഷ്കൃത സമൂഹത്തിൽ ഒരുതരത്തിലും വിഭാഗീയതയ്ക്കു വഴിയൊരുക്കരുത്. പരസ്പര ബഹുമാനത്തോടും സഹകരണത്തോടും കൂടി തങ്ങളുടെ മതവിശ്വാസങ്ങളെ മുറുകെപ്പിടിക്കുന്ന ഒരു സമൂഹമാണ് കേരളത്തിലുണ്ടായിരുന്നത്. കാലത്തിന്റെ മാറ്റത്തിനനുസരിച്ചും തലമുറകളുടെ വ്യത്യാസത്തിനനുസരിച്ചും സമൂഹത്തിൽ ഉണ്ടാകുന്ന ചില പ്രവണതകളെ സഹിഷ്ണുതയോടും സമചിത്തതയോടുംകൂടെ നേരിടുകയാണു കേരളംപോലൊരു സാക്ഷര സംസ്ഥാനം ചെയ്യേണ്ടത്.കേരളീയ സമൂഹത്തിൽ ഇപ്പോഴും ജാതിയും ജാതിവിവേചനങ്ങളും നിലനിൽക്കുന്നുണ്ട് എന്ന വസ്തുത മലയാളി തുറന്നുസമ്മതിച്ചേ മതിയാകൂ. ജാതിക്കൊലകൾ ഒരു സാമൂഹിക കുറ്റകൃത്യമായാണ് പരിഗണിക്കേണ്ടത്.  ഇത് ആവർത്തിക്കാതിരിക്കണമെങ്കിൽ ഭരണസംവിധാനം മാത്രമല്ല, ജനങ്ങളും പുതിയൊരു ജാഗ്രതയിലേക്ക് വളരേണ്ടതുണ്ട്.

പിടിക്കപ്പെട്ട പ്രതികളെല്ലാം തന്നെ കേരളത്തിലെ പ്രമുഖ ഇടതുപക്ഷ യുവജന പ്രസ്ഥാനത്തിന്റെ ഭാരവാഹികളും സജീവപ്രവർത്തകരുമാണ്.  യുവജനപ്രസ്ഥാനം യുവാക്കളെ എന്താണ് പഠിപ്പിക്കുന്നത്?. കെവിനെ മരണത്തിലേക്ക് എറിഞ്ഞുകൊടുത്ത നമ്മുടെ പൊലീസിനെ എന്തു വിളിക്കണം?  ഇവർക്ക് നമ്മുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയുമോ ?നമ്മുടെ പോലീസ്  മനുഷ്യബന്ധങ്ങളും സ്നേഹവുമൊന്നും മനസ്സിലാകാത്തവരാണോ? പോലീസ് അല്പം ശ്രദ്ധ കാട്ടിയിരുന്നുവെങ്കിൽ കെവിന്റെ ജീവൻ ഒരുപക്ഷേ രക്ഷിക്കാമായിരുന്നു. പക്ഷേ, പോലീസ് ആരുടെയൊക്കെയോ നിർദേശങ്ങൾക്കോ നിയന്ത്രണങ്ങൾക്കോ വിധേയമായി പ്രവർത്തിക്കുന്നുവെന്ന തോന്നൽ ജനങ്ങളിൽ ഉണ്ടായിരിക്കുന്നു. സാധാരണക്കാർക്കു നീതി കിട്ടില്ലെന്ന ആശങ്കയും വളരുന്നു.

കേരളാ പോലീസ് എന്തുകൊണ്ടാണ് ഇങ്ങനെ ജനവിരുദ്ധരാകുന്നത്? ജനമൈത്രി പോലീസ് സ്റ്റേഷൻ എന്നു ബോർഡ് എഴുതിവച്ചതുകൊണ്ടുമാത്രം ജനങ്ങൾക്കു പോലീസിൽ വിശ്വാസമുണ്ടാകില്ല. അതിനു ചേരുംവിധം പോലീസ് ജനങ്ങളോടു പെരുമാറുകകൂടി വേണം. കേരളത്തിലെ പോലീസുകാർ ഒന്നടങ്കം ജനവിരുദ്ധരാണെന്ന് ഇതിനർഥമില്ല. പോലീസ് സ്റ്റേഷനിലെത്തി തന്റെ ഭർത്താവിനെ കാണാനില്ലെന്നും ചിലർ ചേർന്നു തട്ടിക്കൊണ്ടുപോയെന്നും കെവിന്റെ ഭാര്യ നീനുവും പിതാവ് ജോസഫും അവിടെ ചുമതലയുള്ള ഉദ്യോഗസ്ഥനോട് നേരിട്ട് അറിയിച്ചിട്ടും യാതൊരു അന്വേഷണവും നടത്താതിരിക്കുകയും അന്നു കോട്ടയത്തുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ അകന്പടിപ്പടയിലായിരുന്നുവെന്ന് അതിന് ഒഴിവുകഴിവു പറയുകയും ചെയ്യുന്ന പോലീസ് എങ്ങനെയാണു ജനമൈത്രി പോലീസാവുക?എങ്ങനെയാണു ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നത് .



പ്രൊഫ്. ജോൺ കുരാക്കാർ










No comments:

Post a Comment