Saturday, 31 August 2019

ഭാരതം അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ -വിത്തെടുത്ത് കുത്തേണ്ട സ്ഥിതി

ഭാരതം അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ -വിത്തെടുത്ത് കുത്തേണ്ട സ്ഥിതി

നമ്മുടെ രാജ്യം പണച്ചുരുക്കവും, മാന്ദ്യവും നേരിടുക വഴി അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഏറ്റവുമൊടുവില്‍ നീതി ആയോഗ് സമ്മതിച്ചു. ഇതിനെത്തുടര്‍ന്ന് വാഹന ഭവന വായ്പകള്‍ ഉദാരമാക്കുന്നതുള്‍പ്പെടെ വിപണിയെ ഉത്തേജിപ്പിക്കാനുള്ള അടിയന്തിര നടപടികള്‍ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് .അടിസ്ഥാനമേഖലകളെല്ലാം വന്‍ തകര്‍ച്ചയെ നേരിടുന്നുവെന്ന യാഥാര്‍ഥ്യവും തൊഴിലില്ലായ്മ, തൊഴില്‍ നഷ്ടം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുന്നുവെന്നുമുള്ള കണക്കുകള്‍ മറച്ചുപിടിച്ചിട്ട്  കാര്യമില്ല .ഓരോ ദിവസവും ഓരോ സ്ഥാപനങ്ങള്‍ എന്ന നിലയില്‍ പിരിച്ചുവിടുന്നവരുടെ കണക്കുകള്‍ പുറത്തുവിടുന്നുണ്ട്. അങ്ങനെ വന്നപ്പോള്‍ പിരിച്ചുവിട്ടോളൂ, പുറത്തുപറയരുത് എന്ന ശാസന നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. അവിടെയും വസ്തുതകള്‍ ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കാനാണ് പ്രേരിപ്പിക്കുന്നത്.ഇത്രയും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുകയാണ് വേണ്ടത് .സര്‍ക്കാരിന്റെ നിരന്തരമുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 1.75 ലക്ഷം കോടി രൂപ നല്‍കാന്‍ തയ്യാറായത്. സൂത്രപ്പണികളിലൂടെ പ്രതിസന്ധി മറികടക്കാമെന്ന ധാരണ തെറ്റാണെന്ന് വിദഗ്ധരെല്ലാം അഭിപ്രായപ്പെട്ടിട്ടുണ്ട്.
സമ്പദ്ഘടനയുടെ സുസ്ഥിരത നിലനിര്‍ത്തുന്നതിനുള്ള സ്വതന്ത്രസ്ഥാപനമായാണ് ആര്‍ബിഐ സ്ഥാപിതമാകുന്നത്. ബാഹ്യസ്ഥിരതയ്‌ക്കൊപ്പം ധനസ്ഥിരത, പണവിതരണം ഉള്‍പ്പെടെ ഇതിന്റെ ഉത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് വേണ്ടിയാണ് കരുതല്‍ ധനശേഖരം സൂക്ഷിക്കുന്നത്. അത് തികച്ചും സ്വതന്ത്രമായൊരു സംവിധാനമാണ്. എന്നാല്‍ ഇപ്പോള്‍ ആര്‍ബിഐയെ കേന്ദ്ര ധനവകുപ്പിന്റെ അനുബന്ധ ഘടകമെന്ന പോലെയാക്കി മാറ്റിയിരിക്കുകയാണ് ബിജെപി സര്‍ക്കാര്‍. യഥാര്‍ഥത്തില്‍ ഈ തീരുമാനം ധന സുസ്ഥിരതയെ ബാധിക്കുകയും പ്രതിസന്ധി കൂടുതല്‍ ആഴത്തിലേയ്ക്ക് പതിക്കാനിടയാക്കുകയും ചെയ്യുമെന്നാണ് ധനകാര്യ വിദഗ്ധരുടെ വിലയിരുത്തല്‍.ഓരോ മേഖലയില്‍ നിന്നും തകര്‍ച്ചയുടെ കഥകളാണ് പുറത്തുവന്നുകൊണ്ടിരുന്നത്. മാന്ദ്യത്തിലെത്തിയിരിക്കുന്നുവെന്ന യാഥാര്‍ഥ്യം ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന് മനസിലാക്കിയപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തേജക പാക്കേജെന്ന പേരില്‍ ചില പദ്ധതികള്‍ പ്രഖ്യാപിച്ചത്.
പ്രധാനമായും നാല് ഘടകങ്ങളാണ് സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്നത്.സ്വകാര്യ നിക്ഷേപമാണ് അതിലൊന്ന്. പുതിയ പദ്ധതികളില്‍ സ്വകാര്യ സംരംഭകര്‍ പണം നിക്ഷേപിക്കുമ്പോള്‍ അത് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കും. രണ്ടാമത്തേത് പൊതുനിക്ഷേപമാണ്. അടിസ്ഥാന സൗകര്യ വികസനം, ഇതര വികസന പദ്ധതികള്‍ എന്നിവയില്‍ സര്‍ക്കാര്‍ പണം ചെലവിടുമ്പോള്‍ അത് സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്താകും.മൂന്നാമത്തെ ഘടകം ആഭ്യന്തരമായുള്ള ഉപഭോഗമാണ്. ഉല്‍പ്പന്നങ്ങളും സേവനങ്ങളും വന്‍ തോതില്‍ ചെലവഴിക്കപ്പെടുമ്പോള്‍ ബിസിനസുകള്‍ പച്ചപിടിക്കും. സമ്പദ്‌രംഗത്ത് ഉണര്‍വ് പ്രകടമാകും. നാലാമത്തെ ഘടകം, വിദേശ വിപണിയിലെ അല്ലെങ്കില്‍ ബാഹ്യമായ വിപണിയിലെ ഉപഭോഗമാണ്. ഉല്‍പ്പന്നങ്ങളും സേവനങ്ങളും ആഭ്യന്തര വിപണിക്കപ്പുറത്തേക്ക് വന്‍തോതില്‍ കയറ്റുമതി ചെയ്യുന്നത് ബിസിനസുകള്‍ക്ക് കരുത്ത് പകരും.എന്നാല്‍  ദീര്‍ഘമായ കാലയളവുകളിലായി ഈ നാല് ഘടകങ്ങളും വേണ്ട വിധത്തില്‍  ഭാരതം ഒട്ടാകെ പ്രവര്‍ത്തിക്കുന്നില്ല. കേന്ദ്രസർക്കാർ ഇപ്പോഴത്തെ  സാമ്പത്തിക പ്രതിസന്ധി എങ്ങനെ തരണം ചെയ്യും  എന്ന് നോക്കി കാണാം .

പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment