Friday, 9 August 2019

കേരളം ഒറ്റക്കെട്ടായി തന്നെ രണ്ടാം പ്രളയത്തെയും നേരിടണം

കേരളം ഒറ്റക്കെട്ടായി തന്നെ രണ്ടാം പ്രളയത്തെയും നേരിടണം

ഒരുവർഷം മുൻപുണ്ടായ മഹാപ്രളയം തകർത്ത കേരളം നിവർന്നുനിൽക്കാൻ പാടുപെടുമ്പോഴാണ്  വീണ്ടും പ്രളയസമാനമായ സാഹചര്യം  ഉണ്ടാകുന്നത് .ക ഴിഞ്ഞ പ്രളയകാലത്ത് വെള്ളം കയറാത്ത സ്ഥലങ്ങളുൾപ്പെടെയാണ് നിലമ്പൂർ പട്ടണത്തിലെ മിക്ക ഭാഗങ്ങളും ഇത്തവണ വെള്ളത്തിലായിരിക്കുന്നത് .കൃത്യമായി ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം കാലവർഷം ജനജീവിതത്തെയാകെ ഉലച്ചിരിക്കുന്നു. വയനാട്ടിൽനിന്ന്‌ ഉരുൾപൊട്ടലിന്റെ പേടിപ്പെടുത്തുന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നുവെന്ന് രക്ഷാപ്രവർത്തകർക്കുപോലും വ്യക്തമല്ല. അതിദയനീയമായി വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.ഇടുക്കിയിൽനിന്നും കോട്ടയത്തുനിന്നും മലപ്പുറത്തുനിന്നും നല്ലവാർത്തകളല്ല വരുന്നത്. ഈ ജില്ലകൾക്കുപുറമേ കോഴിക്കോട്ടും ഇപ്പോൾ അതിജാഗ്രതാ നിർദേശമുണ്ട്.
സർക്കാർനിർദേശങ്ങൾ എല്ലാവരും പാലിച്ചേതീരൂ. ഒരിക്കൽകൂടി കേരളം  ഒറ്റമനസ്സോടെ കൈമെയ്‌ മറന്ന് രംഗത്തിറങ്ങേണ്ട സമയമാണിത്. പോയ പ്രളയത്തെ നമുക്ക് അതിജീവിക്കാനായത് അതുകൊണ്ടുമാത്രമാണ്. ഇത്തവണയും അതുണ്ടാകണം. എവിടെ ദുരിതമുണ്ടോ അവിടെ മനസ്സും സഹായഹസ്തങ്ങളും ഒരുമിച്ചെത്തട്ടെ. വെള്ളം കയറിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങളിൽനിന്ന്‌ വ്യാഴാഴ്ച രാവിലെ രക്ഷാപ്രവർത്തനത്തിനിറങ്ങിയവർ നേരിട്ട ഏറ്റവുംവലിയ തടസ്സം ദുരിതബാധിതരായ ജനങ്ങൾ വീടുവിട്ടുപോകാൻ തയ്യാറാകാത്തതാണ്.പുനരധിവാസ കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് പരമാവധി സഹായമെത്തിക്കാൻ മുഴുവൻ ജനതയും തയ്യാറാകണം. സർക്കാർസഹായം എത്തുന്നതുവരെ ദുരിതബാധിതരെ കാത്തുനിർത്തിക്കരുത്‌. പ്രളയത്തിലകപ്പെട്ടവരെ സഹായിക്കാനുള്ള ഉത്തരവാദിത്വം അതിൽ കുടുങ്ങാത്ത എല്ലാവർക്കുമുണ്ട്. മത്സ്യത്തൊഴിലാളികൾ ഇത്തവണയും ഈ നാടിന്റെ ജീവൻരക്ഷാകവചമായി മാറുകയാണ് .
കേരളം എത്രമേൽ പരിസ്ഥിതിലോല പ്രദേശമാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ് ഇപ്പോഴത്തെ വെള്ളപ്പൊക്കം. തുടർച്ചയായ മഴ താങ്ങാൻ കരുത്തില്ലാതായിരിക്കുന്നു കേരളത്തിന്. പ്രളയാനന്തര പുനർനിർമാണത്തിന് പരിസ്ഥിതി മാനദണ്ഡമാകണമെന്ന മുന്നറിയിപ്പുകൾ പതിവുപോലെ നാം അവഗണിച്ചിട്ടുണ്ടെന്നത്‌ മറക്കാനാവില്ല. നമ്മുടെ നിർമാണ രീതികളും നിലംനികത്തൽ പരിപാടികളും പുനഃപരിശോധനയ്ക്കു വിധേയമാക്കേണ്ടിയിരിക്കുന്നു. കേരളത്തെ നിലനിർത്തുന്ന പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള ചിന്തകളൊക്കെ പ്രളയാനന്തര കാലത്ത് മറന്ന മട്ടിലാണ് നാം പെരുമാറിയത്. മലകളെ തുരക്കുന്നത് നിർത്തിയേ പറ്റൂ. ഈ ഭൂമിയെന്നത് നമ്മുടെ മാത്രമല്ല എന്ന തിരിച്ചറിവിലേക്ക് ഇനിയെങ്കിലും നാം ഉണർന്നേ പറ്റൂ
. 13,543 വീടുകൾ കഴിഞ്ഞ പ്രളയത്തിൽ പൂർണമായും തകർന്നിരുന്നു. 2.53 ലക്ഷം വീടുകൾ ഭാഗികമായും തകർന്നു. 493 പേരുടെ ജീവൻ നഷ്ടമായി. 54,000 ഹെക്ടർ കൃഷി നശിച്ചു. 221 പാലങ്ങൾ തകർന്നു. 82,000 കിലോമീറ്റർ പഞ്ചായത്ത് റോഡും 14,000 കിലോമീറ്റർ പൊതുമരാമത്ത് റോഡും തകർന്നു. ഈ വർകാണാൻ കഴിയും.ഈ വർഷത്തെ  പ്രളയത്തിലും സംസ്ഥാനത്തെ പല  നദികളും കരകവിഞ്ഞൊഴുകുന്നുണ്ട്. വീടുകൾ താമസയോഗ്യമല്ലാതായതോടെ ദുരിതാശ്വാസ ക്യാംപുകളിലെത്തുന്നത് ആയിരങ്ങളാണ്,വ്യക്‌തമായ ആസൂത്രണത്തിന്റെയും ഏകോപനത്തിന്റെയും അഭാവം  ഈ വർഷവും കാണാമായിരുന്നു .ദുരിതബാധിത പ്രദേശങ്ങളിൽ നാട്ടുകാർ ഇത്തവണയും കയ്യും മെയ്യും മറന്ന് രംഗത്തിറങ്ങി . സമൂഹമാധ്യമങ്ങളിലൂടെയുള്ള സഹായക്കൂട്ട് ഈ മഴക്കെടുതിയിലും കേരളത്തിന് ആവശ്യമാണ്. വിവിധ സേനാവിഭാഗങ്ങൾ രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞതും ആശ്വാസം പകരുന്നു. ‌ബഹുമുഖ രക്ഷാപ്രവർത്തനങ്ങൾക്കു പിന്തുണ നൽകുകയാണു കേരളം ഇപ്പോൾ ചെയ്യേണ്ടത്. അതോടൊപ്പം, അങ്ങേയറ്റത്തെ ജാഗ്രത പുലർത്തുന്നതിൽ ജനങ്ങൾ ശ്രദ്ധയൂന്നുകയും വേണം. അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാരങ്ങൾ ഒഴിവാക്കണമെന്നതടക്കം, ദുരന്തനിവാരണ അതോറിറ്റി നൽകിയ സുരക്ഷാനിർദേശങ്ങൾ പാലിച്ചേതീരൂ.കലിതുള്ളി വരുന്ന  കാലവർഷത്തെ  ജാഗ്രത കൊണ്ട് നമുക്ക് നേരിടണം .

പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment