Tuesday, 22 May 2018

നിപ്പ വൈറസ് നമ്മുടെ കോഴിക്കോട്ടെത്തി

നിപ്പ വൈറസ് നമ്മുടെ കോഴിക്കോട്ടെത്തി
നിപ്പ വൈറസ് നമ്മുടെ കോഴിക്കോട്ടെത്തി ,ഈ വൈറസ് എങ്ങനെ കോഴിക്കോട്ടെത്തി എന്ന ചോദ്യത്തിനാണ് ശാസ്ത്രസമൂഹം ഉത്തരം കണ്ടത്തേണ്ടത് ? .പ്രതിവിധി കണ്ടെത്തിയിട്ടില്ലാത്ത നിപ്പാ വൈറസ് രോഗബാധ കേരളമാകെ ഭീതി സൃഷ്‌ടിക്കുന്നു. ഈ  വൈറസ് ബാധിച്ച് ഏതാനുംപേർ മരിച്ച വാർത്ത അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ചിലർ ഗുരുതരാവസ്ഥയിൽ ചികിത്സയിലുമാണ്. ഈ സാഹചര്യത്തിൽ ആരോഗ്യവകുപ്പു സംസ്ഥാനമാകെ ജാഗ്രതാനിർദേശം നൽകിയിരിക്കുന്നു .പരിഭ്രാന്തിയല്ല, ജാഗ്രതയാണ്  ഇന്ന് കേരളത്തിന് ആവശ്യം .നിപ്പ പോലെ ഒരു രോഗം പടർന്നുപിടിച്ചാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് കേരളം എത്രത്തോളം ജാഗരൂകരാണെന്ന കാര്യത്തിൽ സംശയമുണ്ട്. സഞ്ചാരസാധ്യതകൾ വർധിക്കുന്ന കാലത്ത് വൈറസുകൾ എളുപ്പത്തിൽ പടരുമെന്ന കാര്യം ഓർക്കുക.

കോഴിക്കോട് ജില്ലയിൽ വൈറസ്ജന്യരോഗംമൂലം അഞ്ചുപേർ മരിച്ചത് അത്യന്തം ഗൗരവത്തോടെ കാണേണ്ട പൊതുജനാരോഗ്യപ്രശ്നമാണ്. മാരകമായ നിപാ വൈറസ്സാണ് രോഗകാരിയെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മരിച്ചവരിൽ മൂന്നുപേർ ബന്ധുക്കളാണെന്നതും മരിച്ചവരെ ശുശ്രൂഷിച്ച നഴ്സിനും ബന്ധുക്കൾക്കും രോഗബാധയുണ്ടായിരിക്കുന്നുവെന്നതും സാഹചര്യം ഗുരുതരമാക്കുന്നു. ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയവ പരത്തുന്നത്   കൊതുകുകളാണെങ്കിൽ. നിപ്പാ വൈറസ് മൃഗങ്ങളിലൂടെയും പക്ഷികളിലൂടെയുമാണു പകരുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ അവസാനദശകത്തിൽ മലേഷ്യയിലും, ഈ നൂറ്റാണ്ടിന്‍റെ ആദ്യദശകത്തിൽ ബംഗ്ലാദേശിലും വലിയ നാശം വിതച്ച നിപ്പാ വൈറസ് എപ്രകാരമാണു കേരളത്തിലെത്തിയതെന്നു വ്യക്തമല്ല.വവ്വാലുകളാണു നിപ്പാ വൈറസിന്‍റെ വാഹകർ എന്നും വവ്വാലുകൾ കടിച്ച പഴ വർഗങ്ങൾ ഉപയോഗിച്ചവർക്കാണു നിപ്പാ ബാധ ഉണ്ടായതെന്നും സംശയിക്കുന്നു. അതുകൊണ്ടുതന്നെ പഴങ്ങൾ ഉപയോഗിക്കുന്പോൾ കൂടുതൽ ശ്രദ്ധ വേണം. പക്ഷികളും മറ്റും കടിച്ച പഴങ്ങൾ‌ ഉപയോഗിക്കാതിരിക്കുക.

ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനമാണു കേരളം.  ജനങ്ങൾ തിങ്ങിപ്പാർക്കുന്നു. ഇത്തരം സ്ഥലങ്ങളിൽ ഏതെങ്കിലുമൊരു പകർച്ചവ്യാധി ഉണ്ടായാൽ അതു വളരെ വേഗത്തിൽ‌ പടരും.ഇപ്പോൾ കോഴിക്കോട്ട് പ്രത്യക്ഷപ്പെട്ട നിപ്പാ വൈറസ്  പകർച്ചവ്യാധികൾ ഇതര ഭാഗങ്ങളിലേക്കു പടരാൻ അധികസമയമൊന്നും വേണ്ടിവരില്ല. വൈറസ് ബാധ സ്ഥിരീകരിച്ചവരെ പ്രത്യേക പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു ചികിത്സിക്കുകയാണു വേണ്ടത്.രോഗികളെ പരിചരിക്കുന്നവരുടെയെല്ലാം സുരക്ഷ ഉറപ്പാക്കാൻ സർക്കാർ ഏർപ്പാടുകൾ ചെയ്യണം. അപ്രതീക്ഷിതമായി കടന്നുവരുന്ന വൈറസ് ആക്രമണങ്ങൾ പോലുള്ള പ്രശ്നങ്ങൾ നേരിടാൻ  കേരളം സജ്ജമായിട്ടില്ലായെന്നതാണ് സത്യം .നിപ്പാ വൈറസ് ബാധയെക്കുറിച്ച് അനാവശ്യ ഭയം ഒഴിവാക്കുന്നതോടൊപ്പം ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും വേണം. ജാഗ്രത പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചു ജനത്തെ സർക്കാർ നിരന്തരം ഓർമിപ്പിച്ചുകൊണ്ടുമിരിക്കണം. ലോകത്തിന്റെ പലഭാഗത്തും ഗവേഷണം നടക്കുന്നുണ്ടെങ്കിലും നിപ്പ വൈറസിനു വാക്സിൻ കണ്ടെത്തിയിട്ടില്ല. ലക്ഷണങ്ങൾ ചികിത്സിച്ചു ഭേദമാക്കുക മാത്രമാണിപ്പോൾ ചെയ്യുന്നത്.കേരളം  നി​താ​ന്ത ​ജാ​ഗ്ര​തയോടെയിരിക്കേണ്ട സമയമാണിപ്പോൾ .



പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment