Wednesday, 30 October 2019

വാളയാറിൽ രണ്ടു പിഞ്ചു പെൺകുട്ടികൾ


വാളയാറിൽ രണ്ടു പിഞ്ചു പെൺകുട്ടികൾ
വാളയാറിലെ പതിമൂന്നും ഒൻപതും വയസ്സുള്ള രണ്ടു പാവം സഹോദരിമാർ; വേദനയും ഒറ്റപ്പെടലും സഹിച്ചുസഹിച്ചൊടുവിൽ ജീവൻതന്നെ നഷ്ടപ്പെട്ടവർ; ഇളംജീവിതത്തിൽത്തന്നെ കൊടുംക്രൂരതയും മരണത്തിൽ അവഗണനയും അനുഭവിക്കേണ്ടിവന്നവർ... ക്രൂരമായ ലൈംഗിക പീഡനങ്ങളെത്തുടർന്നു ജീവൻ നഷ്ടമാകേണ്ടി വന്ന  അട്ടപ്പള്ളം ശെൽവപുരത്തെ ദലിത് സഹോദരിമാർ കേരള മനഃസാക്ഷിയുടെ നീറുന്ന നോവായി മാറിയിരിക്കുകയാണ്.  രണ്ടു പിഞ്ചു പെൺകുട്ടികൾക്ക് ജീവിച്ചിരുന്നപ്പോഴുണ്ടായ നീതിനിഷേധം മരണാനന്തരവും  ആവർത്തിച്ചിരിക്കുകയാണ് .

കേരളത്തിൽ പെൺകുട്ടികൾക്ക്  ഭയത്തോടുകൂടിയല്ലാതെ ജീവിക്കാൻ കഴിയില്ല . പെൺകുട്ടികളെ മരണത്തിലേക്കെത്തിച്ച അതീവ നിർഭാഗ്യകരമായ സാഹചര്യത്തെക്കുറിച്ചും ഇവരുടെ ദയനീയ അന്ത്യം സംബന്ധിച്ചു നടത്തിയ പൊലീസ് അന്വേഷണത്തിലെ വീഴ്ചകളെക്കുറിച്ചുമുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ ദിനംതോറും പുറത്തുവരുമ്പോൾ, സംസ്കാരത്തെക്കുറിച്ചു വീറോടെ ഊറ്റംകൊള്ളുന്ന പരിഷ്കൃത കേരളത്തിൽ തന്നെയാണോ ഇതൊക്കെ നടന്നതെന്ന കരൾപിളർക്കുന്ന ചോദ്യം ബാക്കിയാവുന്നു.പെറ്റവയറു പൊറുക്കില്ല. അത്രമേൽ വലിയകുറ്റമാണ് നമ്മുടെ നീതിനിർവഹണ സംവിധാനം അവരോട് ചെയ്തത്. തുടക്കംമുതൽ മക്കൾ ആത്മഹത്യചെയ്തു എന്ന മുൻധാരണയിലാണ് കേസന്വേഷണവും വിചാരണയും വിധിയും ഒക്കെയുണ്ടായത് എന്നാണിപ്പോൾ പുറത്തുവരുന്ന വാർത്തകൾ നൽകുന്ന സൂചന.

  മരണങ്ങൾ കൊലപാതകമാണെന്ന അമ്മയുടെപോലും മൊഴി ആരും കേട്ടില്ല. അന്വേഷിക്കപ്പെട്ടില്ല. ഉഭയസമ്മതപ്രകാരമാണ് മുഖ്യപ്രതി, മരിച്ച പതിമ്മൂന്നുവയസ്സുള്ള പെൺകുട്ടിയുമായി ലൈംഗികവേഴ്ച നടത്തിയതെന്ന കുറ്റപത്രത്തിലെ നിലപാട് ചോദ്യംചെയ്യപ്പെടാതെ അംഗീകരിച്ചതിനെതിരേ ഇപ്പോൾ സ്ത്രീപക്ഷത്തുനിന്ന്ഉയർന്ന വിമർശനങ്ങൾ പ്രസക്തമാണ്.മരണത്തിനുശേഷമെങ്കിലും കുട്ടികൾക്ക് നീതികിട്ടണം എന്നുപറയുന്ന മുഖ്യമന്ത്രി കേസിൽ വീഴ്ച പരിശോധിച്ച് ശക്തമായ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ അപ്പീൽ നൽകാനും പ്രോസിക്യൂട്ടറെ മാറ്റാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. തോറ്റുകൊടുക്കാൻ പ്രോസിക്യൂഷൻ എടുത്തണിയുന്ന മൗനത്തിന്റെ ആവരണം എക്കാലത്തും കുപ്രസിദ്ധമായ തന്ത്രമാണ്. വാളയാർ കേസിലും പ്രോസിക്യൂഷൻ തന്ത്രം തന്നെ പ്രയോഗിക്കുമോ ?ദേശീയ ബാലാവകാശ കമ്മിഷനും ദേശീയ പട്ടികജാതി കമ്മിഷനും ഇപ്പോൾ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. വെറും ബാഹ്യ ഇടപെടൽകൊണ്ടുമാത്രം കാര്യമില്ല.

 കേസിൽ അട്ടിമറി നടന്നതെവിടെയൊക്കെയാണെന്നും അത്  നടത്തിയെടുത്തതാരൊക്കെയാണെന്നും വ്യക്തമായും പുറത്തുവരേണ്ടതുണ്ട്. അവരും ശിക്ഷിക്കപ്പെടേണ്ടതുണ്ട്. ദളിതരും ദരിദ്രരുമൊക്കെയായി സമൂഹത്തിന്റെ അതിർത്തികളിലും പുറമ്പോക്കിലെ കോളനികളിലും ജീവിക്കുന്നവരോട് എന്തുമാകാമെന്ന നിലപാട് വെച്ചുപൊറുപ്പിക്കാനേ പാടില്ല. പെൺകുട്ടികൾക്ക് മരണാനന്തര നീതിയെങ്കിലും  ലഭിക്കുമോ ?മൂത്ത പെൺകുട്ടിയെ 2017 ജനുവരി 13നാണു വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ രക്ഷിതാക്കൾ കണ്ടെത്തിയത്. കുട്ടിയുടെ ദേഹത്തുണ്ടായിരുന്ന പരുക്കുകളുടെ അടിസ്ഥാനത്തിൽ പീഡനത്തിനുള്ള സാധ്യത അന്വേഷിക്കണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ നിർദേശം പൊലീസ് അവഗണിച്ചതു മുതൽ തുടങ്ങി കേസിലെ തിരിമറികൾ എന്നാണ് ആരോപണം. 52–ാമത്തെ ദിവസം, ഒൻപതു വയസ്സുളള സഹോദരിയെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

 പീഡനത്തിന് നിരന്തരം ഇരയായ കുട്ടിയുടെ രഹസ്യഭാഗങ്ങളിലെ വ്രണങ്ങൾ അതീവഗൗരവമുള്ളതാണെന്നു വ്യക്തമാക്കിയ ജില്ലാ പൊലീസ് സർജൻ, മരണം കൊലപാതകമാകാനുള്ള സാധ്യത അന്വേഷിക്കണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി നിർദേശിച്ചെങ്കിലും ഫലമുണ്ടായില്ല. മൂത്ത കുട്ടിയുടെ മരണം കാര്യക്ഷമമായി അന്വേഷിച്ചിരുന്നെങ്കിൽ രണ്ടാമത്തെ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നാണ് പൊലീസിനുള്ളിൽ തന്നെയുള്ള വിലയിരുത്തൽ. കേസിന്റെ പുനരന്വേഷണവും പുനർവിചാരണയും വേണമെന്ന ആവശ്യം ശക്തമാണ്. പുറത്തുനിന്നുള്ള ഏജൻസി അന്വേഷിക്കണമെന്ന് കുട്ടികളുടെ കുടുംബവും ആവശ്യപ്പെടുന്നു. കുറ്റവാളികൾക്കു മാതൃകാപരമായ ശിക്ഷ നൽകി പെൺകുട്ടികൾക്ക് മരണാനന്തര നീതിയെങ്കിലും  ഉറപ്പാക്കണം .


പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment