സമാധാനത്തിനുവേണ്ടി
കേഴുന്ന ഭാരതം
ഇന്ത്യ നേരിടുന്ന അതീവ ഗുരുതരമായ സാമ്പത്തികത്തകർച്ച, പട്ടിണി, തൊഴിലില്ലായ്‌മ, കാർഷിക വ്യാവസായിക
മേഖലകളിലെ പിന്നോട്ടടി എന്നിവയൊക്കെ ഭാരത
സർക്കാർ കാണുന്നില്ലേ ?ഏതാനം ദിവസം മുൻപ് പാസാക്കിയ
പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ ജനജീവിതം താറുമാറാക്കി.യിരിക്കുകയാണ് .പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭം ആളിക്കത്തുകയാണ് . വിദ്യാർഥികൾ അതേറ്റെടുക്കുന്നു. രാജ്യത്തിന്റെ ഭരണഘടനയും ബഹുസ്വരതയും സംരക്ഷിക്കാൻ വിദ്യാർഥികൾക്ക് തെരുവിലിറങ്ങേണ്ടി വരുന്നു. അവർക്ക് അതിന് ചരിത്രപരമായ അവകാശവും ഉത്തരവാദിത്തവും ഉണ്ട്. ജാമിയ മിലിയ സർവകലാശാലയിൽ പാതിരാത്രിയിൽ പൊലീസ് നടത്തിയ അതിക്രമത്തിന്റെ വാർത്തകളും ദൃശ്യങ്ങളും പുറത്തുവന്നതോടെ പ്രതിഷേധം ക്യാമ്പസുകളിൽ ആളിപടർന്നു
. അലിഗഢ് മുസ്ലീം സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല, ഹൈദരാബാദ് മൗലാന ആസാദ് ഉറുദു സർവകലാശാല, ജെഎൻയു, ജാദവ്പുർ സർവകലാശാല, ബോംബെ ഐഐടി, കൊച്ചിൻ കുസാറ്റ് തുടങ്ങിയ കലാലയങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി.
ജാമിയ
മിലിയ സർവകലാശാല സ്വാതന്ത്ര്യ സമരത്തിന് നൽകിയ സംഭാവനയെകുറിച്ച് സരോജിനി നായിഡു ഇങ്ങനെ പറഞ്ഞു. “ത്യാഗത്തിന്റെ കല്ലുകളിൽ കെട്ടിയാണ് ജാമിയ ഉയർന്നത്”.
അത്തരമൊരു രാഷ്ട്രീയ പാരമ്പര്യമുള്ള സർവകലാശാലയിലെ വിദ്യാർഥികളെയാണ് സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിത്തമില്ലാത്ത, അന്ന് അതിനോട് പുറംതിരിഞ്ഞുനിന്നവർ രാജ്യസ്നേഹം പറഞ്ഞ് ആക്രമിക്കുന്നു എന്നതാണ് വിരോധാഭാസം.ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾക്ക് നിരക്കുന്നതല്ല ബില്ലിലെ ഭേദഗതി എന്ന സുദൃഢമായ അഭിപ്രായമുള്ളവരാണ് പ്രധാന പ്രതിപക്ഷ പാർട്ടികളെല്ലാംതന്നെ.
എന്നാൽ, അവരുടെ പ്രതിഷേധങ്ങൾ ക്രമസമാധാനത്തെ തകിടംമറിക്കുന്ന തരത്തിലേക്ക്
മാറിയിട്ടില്ല. ജനാധിപത്യമായ രീതിയിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് അവരുടെ തീരുമാനം.
ജനാധിപത്യത്തിൽ
തർക്കവിഷയങ്ങൾ ഉടലെടുക്കുമ്പോൾ ഭരണഘടനാ കോടതി തന്നെയാവണം വഴികാട്ടി. ഭാരതം ഒരു മതേതര രാഷ്ട്രമാണ്. മതരാഷ്ട്രങ്ങളുടെ നീതി നമ്മുടെ വഴിയല്ല. മത-ജാതി വിവേചനം
നമ്മുടെ ഭരണഘടനയ്ക്ക് നിരക്കുന്നതുമല്ല. ആ നിലയ്ക്ക് പൗരത്വഭേദഗതി
ബിൽ ഭരണഘടനയ്ക്ക് അനുസൃതമാണോ അല്ലയോ എന്ന് സുപ്രീംകോടതിയാണ് തീർപ്പുകല്പിക്കേണ്ടത്. രാജ്യത്തിനകത്തേക്കു വന്ന അഭയാർഥികളെ ഇനി പൗരത്വത്തിന്റെപേരിൽ നമുക്ക് തിരിച്ച് എങ്ങോട്ടുംആട്ടിയോടിക്കാനാവില്ല.രാജ്യവ്യാപകമായി ഉയർന്നു കൊണ്ടിരിക്കുന്ന പ്രതിഷേധത്തിന്റെ
വികാരം കേന്ദ്രസർക്കാർ തിരിച്ചറിയണം
. ജനവികാരം കണക്കിലെടുക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. സമവായമുണ്ടാകട്ടെ. ചില മതവിഭാഗങ്ങളെമാത്രം മാറ്റിനിർത്തി എന്നതിലെ വിവേചനം തിരുത്താൻ വിവേകമുണ്ടാകട്ടെ.
മതേതരത്വം ഏതു മതത്തെക്കാളും വലിയ മഹത്തായ ആദർശമാണ്. നമുക്കൊപ്പം സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങളിൽ പലവട്ടം പട്ടാള അട്ടിമറികൾ നാം കണ്ടു. എന്നാൽ, പിന്നിട്ട 72 വർഷം നമ്മെ ജനാധിപത്യപരമായി അതിജീവിക്കാൻ പ്രാപ്തമാക്കിയത് എല്ലാമതത്തെയും ഉൾക്കൊള്ളാൻ പഠിപ്പിച്ച ഭരണഘടനയുടെ മതേതരത്വ സങ്കല്പമാണ്. അത് കളഞ്ഞുകുളിക്കരുത്.ബഹുസ്വരതയുടെ ആണിക്കല്ലായ മതനിരപേക്ഷതയാണ് പൗരത്വഭേദഗതി നിയമത്തിലൂടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നതെന്ന
ആശങ്ക ദൂരീകരിക്കേണ്ടതുണ്ട്. എത്രയും വേഗം രാജ്യത്തെ സമാധാനത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ മുൻകൈ എടുക്കേണ്ടതു കേന്ദ്ര സർക്കാർ തന്നെയാണ്.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment