Saturday, 21 December 2019

പ്രീ പ്രൈമറി വിദ്യാഭ്യാസ രംഗം മികവുള്ളതാകണം

പ്രീ പ്രൈമറി വിദ്യാഭ്യാസ രംഗം മികവുള്ളതാകണം
പ്രീ പ്രൈമറി വിദ്യാഭ്യാസത്തിൻറെ  പ്രാധാന്യം ഇന്നു സാർവത്രികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. കുഞ്ഞുങ്ങളുടെ ജീവിതത്തിലെ ശ്രദ്ധേയവും നിറമുള്ളതുമായ കാലഘട്ടമാണ്  പ്രീ പ്രൈമറി വിദ്യാഭ്യാസ സമയം . പ്രീ പ്രൈമറി വിദ്യാഭ്യാസത്തിനുവേണ്ടി കേരളത്തിൽ  അങ്കണവാടികൾ, ബാലവാടികൾ, നഴ്‌സറി സ്‌കൂളുകൾ തുടങ്ങിയവയൊക്കെ  പ്രവർത്തിക്കുന്നുണ്ട് .. അങ്കണവാടികളുടെ എണ്ണം ഇപ്പോൾ 20,000 ൽ അധികമാണ്‌. മറ്റുള്ളവയും അംഗീകാരമില്ലാത്ത സ്ഥാപനങ്ങളും കൂടി കണക്കിലെടുക്കുമ്പോൾ ഏതാണ്ട്‌ 30, 000-ൽ അധികം ശിശുവിദ്യാഭ്യാസ കേന്ദ്രങ്ങൾ ഇന്നു കേരളത്തിലുണ്ട്‌. .
കുട്ടികളുടെ കഴിവുകള്‍ എല്ലാ മികവോടെയും വളര്‍ത്തിയെടുക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത്. പ്രീ പ്രൈമറി രംഗത്ത് ഏകീകൃത രീതി കൊണ്ടുവരുന്നതിനെ എല്ലാവരും സ്വാഗതം ചെയ്യുന്നുണ്ട്. കുട്ടികള്‍ക്ക് കൂട്ടുകൂടാനും കളിച്ചുവളരാനുമുള്ള അവസരമാണ് പ്രീപ്രൈമറി കൊണ്ട് ഉദ്ദേശിക്കുന്നത് .കുട്ടികള്‍ മികവാര്‍ന്നവരാകാന്‍ ചിട്ടയായ ശിശു വിദ്യാഭ്യാസം അനിവാര്യമാണ് .ശിശുക്കളെ  കാലാനുസൃതമായി മാറ്റാനുള്ള  പരിശീലനം അധ്യാപക സമൂഹത്തിലുണ്ടാവേണ്ടതുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനു വലിയ പ്രാധാന്യമാണു സംസ്ഥാന സർക്കാർ നൽകുന്നത്.പക്ഷെ ഇതുവരെ പ്രീ പ്രൈമറിക്കു മാത്രമായി ഒരു നയം രൂപീകരിക്കാൻ കേരളത്തിനു കഴിഞ്ഞിട്ടില്ല.പഠിപ്പിക്കലല്ല, പഠിക്കാനുള്ള താൽപര്യം കുട്ടികളിലുണ്ടാക്കലാണു പ്രീ പ്രൈമറി തലം കൊണ്ടുദ്ദേശിക്കുന്നതെന്നതിൽ ലോകമെങ്ങുമുള്ള വിദ്യാഭ്യാസ പണ്ഡിതർ ഒറ്റക്കെട്ടാണ്. കേരളത്തിൽ ഈ രംഗത്തെ നയപരിഷ്‌കരണത്തിനായി സ്റ്റേറ്റ് കൗൺസിൽ ഫോർ എജ്യുക്കേഷനൽ റിസർച് ആൻഡ് ട്രെയിനിങ് (എസ്‌സിഇആർടി) തയാറാക്കിയ സമീപനരേഖയിലും ഇക്കാര്യം ഊന്നിപ്പറയുന്നു.എന്നാൽ, സംസ്ഥാനത്തെ ഭൂരിപക്ഷം പ്രീ പ്രൈമറി സ്കൂളുകളിലും അവർക്ക്  തോന്നിയ രീതിയിലാണ് പഠനം ക്രമീകരിച്ചിരിക്കുന്നത് .
ഏകീകൃത പാഠ്യപദ്ധതിയോ പഠനക്രമമോ ഇല്ലാത്തതിനാൽ ഓരോ സ്കൂളും ആശ്രയിക്കുന്നതു വ്യത്യസ്ത പഠന രീതികളാണ്. എത്ര ഭാഷകൾ പഠിപ്പിക്കാം, ഏതൊക്കെ വിഷയങ്ങൾ പഠിപ്പിക്കാം, എന്തൊക്കെ പഠനസാമഗ്രികൾ ആശ്രയിക്കാം തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തതയില്ല.പഠനരീതികളെപ്പറ്റി പല രക്ഷിതാക്കൾക്കും ശാസ്ത്രീയ അവബോധമില്ലാത്തത് ഒരു പരിധിവരെ ഇത്തരം സ്കൂളുകൾക്കു പ്രോത്സാഹനവുമാകുന്നു. അശാസ്ത്രീയമെന്നറിഞ്ഞിട്ടും കൃത്യമായ നയമില്ലാത്തതിനാൽ അധ്യാപകർക്കോ വിദ്യാഭ്യാസ വകുപ്പ് അധികൃതർക്കോ ഇത്തരം പഠനരീതികൾ തടയാനാവുന്നില്ല.പ്രീ പ്രൈമറി ജീവനക്കാരെ തൊഴിൽ ചൂഷണത്തിൽനിന്നു രക്ഷിക്കുന്നതിനുള്ള നിയമ നിർമാണത്തിലും സർക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ടതുണ്ട്. കടുത്ത മനുഷ്യാവകാശ ലംഘനവും നീതിനിഷേധവുമാണ് ഈ മേഖലയിലെ പല ജീവനക്കാർക്കും നേരിടേണ്ടി വരുന്നത്. തുല്യ ജോലിക്കു തുല്യവേതനമെന്നതു പോകട്ടെ, ജീവിക്കാനാവശ്യമായ കുറഞ്ഞ വേതനം പോലുമില്ല..പ്രീ പ്രൈമറി സ്കൂളുകളുടെ അംഗീകാരത്തിനുള്ള മാനദണ്ഡങ്ങൾ, നിയന്ത്രണ അതോറിറ്റി, അധ്യാപക - വിദ്യാർഥി അനുപാതം, പാഠ്യപദ്ധതി, അധ്യാപകരുടെയും ആയമാരുടെയും നിയമനം, അവരുടെ യോഗ്യതയും അവർക്കുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും, തൊഴിൽ സുരക്ഷ തുടങ്ങി പ്രീ പ്രൈമറി തലവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വ്യക്തമായി നിർവചിക്കുന്ന നിയമമുണ്ടാക്കുകയും ആ നിയമം സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് പ്രീ സ്കൂളുകളിലും നടപ്പാക്കുന്നുണ്ടെന്നു സർക്കാർ തന്നെ ഉറപ്പാക്കുകയും  ചെയ്യണം

പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment