Sunday, 22 December 2019

ഇന്ത്യ മഹാ രാജ്യം എല്ലാവരുടേതുമാണ് .ഇന്ത്യൻ ഭരണഘടന ആകാശത്തുനിന്ന് പൊട്ടിമുളച്ചതുമല്ല .

ഇന്ത്യ മഹാ രാജ്യം എല്ലാവരുടേതുമാണ് .ഇന്ത്യൻ ഭരണഘടന ആകാശത്തുനിന്ന് പൊട്ടിമുളച്ചതുമല്ല .
ഹിന്ദു കൃസ്ത്യൻ മുസ്ലീം ബൗദ്ധൻ ജൈനൻ പാർസി നാസ്തികൻ തുടങ്ങി ഏതിൽ വിശ്വാസിക്കാനുള്ള അവകാശം നില നിർത്തിയ ലോകത്തിലെ ഏക ഭുമി ഇൻന്ത്യയാണെന്ന സത്യം ആരുംവിസ്മരിക്കരുത് .മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്ന പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ദിനമെന്നോണം ശക്തമാകുകയാണ്‌.പൗരത്വഭേദഗതി ബിൽ പാർലമെന്റ്‌ പാസാക്കുകയും രാഷ്ട്രപതി അതിൽ ഒപ്പുവയ്‌ക്കുകയും ചെയ്‌തതോടെ തന്നെ ഈ നിയമം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. ആദ്യം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണെങ്കിൽ പിന്നീട്‌ അത്‌ പശ്ചിമബംഗാളിലേക്കും ഡൽഹിയിലേക്കും പടർന്നു. പ്ലക്കാർഡുകൾ ഉയർത്തിയും മുദ്രാവാക്യം വിളിച്ചും വിദ്യാർഥികളും യുവാക്കളുമാണ്‌ പ്രധാനമായും പ്രതിഷേധത്തിൽ അണിനിരക്കുന്നത്‌. ‘ഹിന്ദുത്വ നഹി, ബന്ധുത്വ ചാഹിയേ (സാഹോദര്യമാണ്‌ വേണ്ടത്‌ ഹിന്ദുത്വമല്ല) എന്ന മുദ്രാവാക്യമാണ്‌ പ്രധാനമായും ഉയർന്നുകേൾക്കുന്നത്‌.  തലസ്ഥാന നഗരി ഉൾപ്പെടെ ഒരു ഡസനോളം ഇന്ത്യൻ നഗരങ്ങൾ അക്ഷരാർഥത്തിൽ പ്രക്ഷുബ്ധമാണ്‌.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധക്കൊടുങ്കാറ്റ്‌ ഉയർത്തുന്നതിൽ ഇടതുപക്ഷം വഹിക്കുന്ന പങ്ക്‌ വ്യക്തമാക്കുന്നതുകൂടിയാണ്‌ വ്യാഴാഴ്‌ചത്തെ രാജ്യവ്യാപക പ്രക്ഷോഭം.കശ്‌മീരിനും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കുംശേഷം തലസ്ഥാന നഗരിയിലും സർക്കാരിന്റെ ഉത്തരവനുസരിച്ച്‌ സ്വകാര്യ സേവനദാതാക്കൾ ഇന്റർനെറ്റ്‌ സർവീസ്‌ നിർത്തലാക്കിയിരിക്കുകയാണ്‌.  ഐഐടികളിലും ഐഐഎമ്മുകളും ഉൾപ്പെടെ രാജ്യത്തെ 50 സർവകലാശാലകളിലെങ്കിലും ഇതിനകം പ്രതിഷേധം ഉയരുകയുണ്ടായി. ബഹുസ്വരതയിലും മതനിരപേക്ഷതയിലും ഊന്നുന്ന ഭരണഘടനയെ സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ ജനങ്ങൾ സമരത്തിനിറങ്ങിയിട്ടുള്ളത്‌. ഉത്തർപ്രദേശിലും  ബിഹാറിലും ആയിരങ്ങളാണ്‌ പ്രക്ഷോഭത്തിൽ അണിനിരക്കുന്നത്‌. അംബേദ്‌കറുടെ നേതൃത്വത്തിൽ എഴുതിയുണ്ടാക്കിയ ഭരണഘടനയെ സംരക്ഷിക്കണം. ഇവിടെ ജീവിക്കുന്ന എല്ലാവരുടെയുമാണ്‌ ഇന്ത്യ. അതിനെ ഹിന്ദുത്വരാഷ്ട്രമാക്കി മാറ്റാൻ  നടത്തുന്ന ശ്രമത്തിന്‌ എതിരാണ്‌ ജനങ്ങളെന്ന പ്രഖ്യാപനമാണ്‌ വർധിച്ചുവരുന്ന പ്രക്ഷോഭം തെളിയിക്കുന്നത്‌. ഇന്ത്യൻ ഭരണഘടനയെന്നത് ആകാശത്തുനിന്ന് പൊട്ടിമുളച്ചതല്ല.
സ്വാതന്ത്ര്യസമരത്തിന്റെ  ദീർഘപാരമ്പര്യത്തിന്റെ ആറ്റിക്കുറുക്കിയ രേഖയാണത്. അതിന്റെ അടിസ്ഥാനശിലയെന്നത് ജാതി, മത, ലിംഗ, വർഗ, സമുദായ പരിഗണനകൾക്കതീതമായ തുല്യതയാണ്. അതു മാറ്റാൻ ആർക്കും അവകാശമില്ല. കാരണം, അതാണ് ഒരു രാജ്യമെന്നനിലയ്ക്ക് ഇന്ത്യയുടെ ഐക്യത്തിന്റെ അടിത്തറ.ഇന്ത്യമഹാ രാജ്യം ഒരു ജാതിക്കാരുടെയോ മതക്കാരുടെയോ അല്ല. സകലജാതി മതസ്ഥന്മാർക്കും പൊതുവായിട്ടുള്ളതാണ് . പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്ന്‌ 2014 ഡിസംബർ 31 വരെ അഭയാർഥികളായെത്തിയ ആറു മതന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാനുള്ള ബില്ലിൽനിന്ന് മുസ്‌ലിങ്ങൾമാത്രം ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധർ, പാഴ്സികൾ, ജൈനർ, ക്രിസ്ത്യാനികൾ എന്നിവരെയേ പൗരത്വത്തിനായി പരിഗണിക്കൂ. ഇതിനെ മതവിവേചനമെന്നല്ലാതെ മറ്റൊന്നും വിളിക്കാനാവില്ല. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്ക് ഔദ്യോഗിക മതമുണ്ടെന്നും നിർദിഷ്ട ബില്ലിൽ പൗരത്വ പരിഗണന നൽകുന്ന ആറു മതന്യൂനപക്ഷങ്ങൾക്കും അവിടെ കടുത്ത വിവേചനമുണ്ടെന്നുമാണ് സർക്കാർ നിലപാട്.ചരിത്രപരമായി ജൂതന്മാർ, അറബികൾ, ചൈനക്കാർ, ടിബറ്റുകാർ, ശ്രീലങ്കൻ തമിഴർ തുടങ്ങി ഇന്ത്യയിലേക്കെത്തിയ എത്രയോ ജനവിഭാഗങ്ങൾ രാജ്യത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്.ബിൽ പാസാക്കാൻ കഴിഞ്ഞാലും ഭരണഘടനയുടെ മൗലികതത്ത്വങ്ങളെ ലംഘിക്കുന്ന ബിൽ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നുറപ്പാണ്. അടിയന്തര പരിഹാരം തേടേണ്ടുന്ന ദാരിദ്ര്യം, സാമ്പത്തിക മാന്ദ്യം, സ്ത്രീവിവേചനം തുടങ്ങിയവയുടെയൊക്കെ മുന്നിൽ പതറിനിൽക്കുകയാണ് രാജ്യമിപ്പോൾ. അവ പരിഹരിക്കാൻ മുതിരുന്നതിനുപകരം ഭൂരിപക്ഷപിന്തുണയോടെ മതഅജൻഡകളിലേക്ക് രാഷ്ട്രീയത്തെ വഴിതിരിച്ചുവിട്ടാൽ അതിന്റെ പ്രത്യാഘാതങ്ങൾ പ്രവചനാതീതമായിരിക്കും.ലോക്‌സഭയും രാജ്യസഭയും ഉയർത്തുന്ന ഭിന്നസ്വരങ്ങളും വിയോജിപ്പുകളും കേൾക്കാൻ കേന്ദ്രസർക്കാർ  തയാറാകണം ജനാധിപത്യത്തിന്റെ അന്തസ്സത്ത അതു തന്നെയാണ് .

പ്രൊഫ് .ജോൺ കുരാക്കാർ

No comments:

Post a Comment