മാതാപിതാക്കളുടെ സംരക്ഷണം മക്കളുടെ കടമയാണ്
ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് വിശേഷിപ്പിക്കുന്ന കേരളത്തില്‍ ഇന്ന് വൃദ്ധസദനങ്ങള്‍ വര്‍ധിച്ച് വരുന്നു. കൂട്ടുകുടുംബ വ്യവസ്ഥകള്‍ അണുകുടുംബങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ജീവിതം ഏറ്റവും ക്ലേശകരമായി തീര്‍ന്നിരിക്കുന്നത് സ്വാഭാവികമായും മാതാപിതാക്കൾക്കാണ് .ഇന്ന് കേരളത്തിലെ അനാഥ വൃദ്ധപരിചരണ കേന്ദ്രങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടു കഴിയുന്നവരില്‍ നാലും അഞ്ചും മക്കളുള്ള അച്ഛനമ്മമാര്‍ ഒട്ടേറെ ഉണ്ട്. അനാഥരായി ഉള്ളുനീറിക്കഴിയുന്ന അച്ഛനമ്മമാരുടെ എണ്ണം ഞെട്ടിപ്പിക്കുംവിധം മുകളിലേക്കാണ്. 5 വര്‍ഷം കൊണ്ട് ഇത്തരം
കേന്ദ്രങ്ങളിലെ അന്തേവാസികളുടെ എണ്ണം 15,000 ത്തില്‍ നിന്ന് 23,823 ആയി. അമ്മമാര്‍ 9,596; അച്ഛന്മാര്‍ 14,227 പേര്‍. ഇതില്‍ മിക്കവരുടെയും മക്കള്‍ ജീവിച്ചിരിക്കുന്നു.സര്‍ക്കാരിന്റെയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയും മേല്‍നോട്ടത്തിലുള്ള വൃദ്ധസദനങ്ങള്‍ 5 വര്‍ഷം മുന്‍പ്
520 ആയിരുന്നെങ്കില്‍
ഇപ്പോള്‍ 631 എണ്ണമുണ്ട്. കൂടിയത് 111 എണ്ണം. സര്‍ക്കാരിന്റെ 16 കേന്ദ്രങ്ങളില്‍ മാത്രം 834 പേര്‍. ഇതില്‍ 340 േപരുടെയും മക്കള്‍ ജീവിച്ചിരിക്കുന്നു. രണ്ടില്‍ കൂടുതല്‍ മക്കള്‍ ഉള്ളവരാണ് മിക്കവരും.
ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്ത സന്നദ്ധസംഘടനകള്‍ നടത്തുന്നതാണ് 615 വൃദ്ധസദനങ്ങള്‍. ഇവിടെയാണ് ഏകദേശം 23,000 പേരും. സര്‍ക്കാരിന്റെ അറിവോടെ നടക്കുന്ന അനാഥാലയങ്ങളില്‍ നിന്നുള്ള കണക്കുകള്‍ മാത്രമാണിത്. അതല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും അനാഥരാക്കപ്പെട്ട രക്ഷിതാക്കളുണ്ടെന്ന് അധികൃതര്‍ തന്നെ പറയുന്നു.സ്നേഹവും കടപ്പാടുമില്ലാതെ അവനവനിലേക്കുമാത്രം ചുരുങ്ങുന്ന പുതിയ തലമുറയ്ക്ക് മാതാപിതാക്കൾ ഭാരമായി മാറുന്നു എന്നത് ഒരു കാരണം മാത്രമാണ്. സംസ്ഥാനത്തെ
വയോജനങ്ങളുടെ ജനസംഖ്യാനുപാതം കൂടുന്ന മുറയ്ക്ക് വൃദ്ധസദനങ്ങളുടെ എണ്ണവും പെരുകുന്നു.
കേരളത്തിൽ
60 വയസ്സിനുമുകളിലുള്ളവർ
42 ലക്ഷത്തോളംവരും.
60 വയസ്സുകഴിഞ്ഞവരുടെ
എണ്ണം 1981-ൽ മൊത്തം ജനസംഖ്യയുടെ
ഏഴുശതമാനമായിരുന്നു.
2025 ആകുമ്പോഴേക്കും ജനസംഖ്യയുടെ 20 ശതമാനവും വയോജനങ്ങളായിരിക്കുമെന്നാണ്
അനുമാനം. വയോജനങ്ങളുടെ ജനസംഖ്യാനുപാതം കൂടുതലുള്ള ജപ്പാൻ, ഇറ്റലി, പോർച്ചുഗൽ തുടങ്ങിയരാജ്യങ്ങളുടെ നിരയിലേക്കാണ് ഇതോടെ കേരളംമാറുന്നത്. മക്കളുടെ സംരക്ഷണവും കരുതലും സ്നേഹവും കൊതിക്കുന്നവരാണ് മാതാപിതാക്കളെല്ലാംതന്നെ. അതുകൊണ്ട് വൃദ്ധസദനങ്ങളിലേക്കുള്ള യാത്ര അവർക്ക് സമ്മാനിക്കുന്നത് അരക്ഷിതത്വവും വേദനയും മാത്രമാവും. മെച്ചപ്പെട്ട ജോലിയും ജീവിതസാഹചര്യങ്ങളും തേടി നാടുംവീടും വിടേണ്ടിവരുന്നവർ നമ്മുടെ സംസ്ഥാനത്ത് കുറവല്ല. വൃദ്ധസദനങ്ങൾ എന്നത് ചിലപ്പോഴൊക്കെ അനിവാര്യതയായി
മാറുന്നത് അപ്പോഴാണ്.എന്നാൽ ചിലർ അച്ഛനമ്മമാരെ
ഭാരമായിക്കണ്ട് റോഡരികിലും ആരാധനാലയങ്ങളിലും ആശുപത്രികളിലും ഉപേക്ഷിച്ചുപോവുന്ന, മനുഷ്യത്വമില്ലാത്തവരും നമ്മുടെ കൂട്ടത്തിലുണ്ട് .പല വികസിത
രാജ്യങ്ങളിലും പ്രായമായവരുടെ സംരക്ഷണച്ചുമതല പൂർണമായും സർക്കാരിനാണ്. താമസം, വൈദ്യസഹായം തുടങ്ങിയ സൗകര്യങ്ങളൊക്കെയും തദ്ദേശസ്ഥാപനങ്ങൾ വഴിയാണ് ഒരുക്കുന്നത്.
സാർവത്രിക പെൻഷൻ സംവിധാനങ്ങളും അത്തരംരാജ്യങ്ങളിൽ നിലവിലുണ്ട്. വയോജന സംരക്ഷണ കാര്യത്തിൽ നമ്മുടെസർക്കാരും കാര്യമായി ഇടപെടേണ്ടിയിരിക്കുകയാണ്
.
പ്രൊഫ്.ജോൺ കുരാക്കാർ
No comments:
Post a Comment