അന്നദാനത്തിന് ലോകസമാധാന പുരസ്ക്കാരം
ദാരിദ്ര്യത്തിനും വിശപ്പിനുമെതിരെ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സംഘടനയെ സമാധാനത്തിനുള്ള നൊബേൽ പുരസ്ക്കാരം തേടിയെത്തിയിരിക്കുകയാണ് . .ഒരുവശത്ത് ആളുകൾ പട്ടിണിമൂലം മരിക്കുമ്പോൾ മറുവശത്ത് ദിവസവും ടൺ കണക്കിനു ഭക്ഷണം പാഴാകുന്നു. ഭക്ഷ്യവസ്തുക്കളുടെ സമതുലിതമായ വിതരണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്. 2030 ആകുമ്പോഴേക്ക് ലോകത്തുനിന്നു പട്ടിണി പൂർണമായി തുടച്ചുനീക്കാൻ 2012ൽ ഐക്യരാഷ്ട്ര സംഘടനയുടെ അന്നത്തെ സെക്രട്ടറി ജനറൽ ബാൻ കി മൂൺ ആവിഷ്കരിച്ച പദ്ധതിയാണ് സീറോ ഹംഗർ ചാലഞ്ച്.
ലോകത്തോളം വലുപ്പമുള്ള ഈ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന് ഊർജം പകരാൻ ഈ നൊബേൽ സമ്മാനത്തിനു സാധിക്കുമെന്നു കരുതാം. ഈ കൊറോണ കാലം ദാരിദ്ര്യവും പട്ടിണിയും വർധിപ്പിച്ച സാഹചര്യത്തിൽ ഈ ലക്ഷ്യത്തിലേക്കുള്ള പാത അത്യധികം കഠിനമാണെന്നതും യാഥാർഥ്യം.ഈ പുരസ്ക്കാരം പട്ടിണിക്കെതിരെയുള്ള കഠിനവും സങ്കീർണവുമായ ഒരു ലോകയുദ്ധത്തിലെ പടയാളികൾക്കുള്ള ആദരം തന്നെയാകുന്നു .ലോകത്ത് ഒൻപതിലൊരാൾ പട്ടിണി കിടക്കുന്നുണ്ടെന്നാണു കണക്ക്. പട്ടിണി മാറ്റുക എന്നത് ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങളിലൊന്നായി മാറിയതു കാലം ആവശ്യപ്പെട്ടതുകൊണ്ടു തന്നെയാണ്. ഭക്ഷ്യസുരക്ഷയ്ക്കായി സമർപ്പിക്കപ്പെട്ട പ്രധാന യുഎൻ സമിതികളിലൊന്നായ 'വേൾഡ് ഫുഡ് പ്രോഗ്രാം' (W .F .P ) യുടെ കുടകീഴിലുള്ള പതിനേഴായിരത്തിലേറെ പ്രവർത്തകരും ഈ നൊബേലിലൂടെ ആദരിക്കപ്പെടുകയാണ്.
അടുത്ത വർഷം അറുപതാം വയസ്സിലെത്തുന്ന ലോക ഭക്ഷ്യ പദ്ധതി, കഴിഞ്ഞവർഷം മാത്രം 88 രാജ്യങ്ങളിലെ 10 കോടി ജനങ്ങൾക്കു ഭക്ഷ്യസഹായം നൽകി എന്നതിന്റെ അർഥം, അത്രയും പേരെ പട്ടിണിയിൽനിന്നു മോചിപ്പിച്ചു എന്നുതന്നെയാണ്. ഈ കോവിഡ് കാലത്താകട്ടെ, ലോകരാജ്യങ്ങളിലെ കോടിക്കണക്കിനാളുകൾ പട്ടിണിയുടെ പിടിയിലായിക്കഴിഞ്ഞു. ഈ വേളയിൽ പ്രഖ്യാപിക്കപ്പെട്ട നൊബേൽ സമ്മാനത്തിന് അതുകൊണ്ടുതന്നെ സവിശേഷപ്രസക്തിയുണ്ട്. യുദ്ധങ്ങളിൽ വിശപ്പിനെ ആയുധമായി ഉപയോഗിക്കുന്നതു തടയുന്നതിൽ നിർണായക പങ്കാണ് 'വേൾഡ് ഫുഡ് പ്രോഗ്രാം' (W .F .P ) വഹിക്കുന്നതെന്നും പുരസ്കാരനിർണയ സമിതി വിലയിരുത്തുകയുണ്ടായി.ലോകരാജ്യങ്ങൾ ഒത്തൊരുമിച്ചു പ്രവർത്തിച്ചാലേ പട്ടിണിരഹിത സമൂഹം എന്ന ലക്ഷ്യം നേടിയെടുക്കാനാകൂ. കോവിഡിന് മെഡിക്കൽ വാക്സീൻ കണ്ടെത്തും വരെ, ഭക്ഷണമാണ് ഏറ്റവും നല്ല വാക്സീൻ എന്നാണ്, ലോക ഭക്ഷ്യ പദ്ധതിയുടെ മഹദ്സേവനത്തെ പ്രകീർത്തിച്ച നൊബേൽ സമിതി വിലയിരുത്തിയത്. ലോകത്തിന്റെ പട്ടിണി മാറ്റുകയെന്ന അന്തിമലക്ഷ്യം സാക്ഷാത്കരിക്കാൻ ഈ വലിയ പുരസ്കാരം കരുത്തു നൽകുമെന്നാണ് ലോക ഭക്ഷ്യ പദ്ധതിയുടെ പ്രതീക്ഷ.
നൊബേൽ പുരസ്കാരസമിതി പ്രത്യാശിക്കുന്നതും ഇതുതന്നെ: പട്ടിണി അനുഭവിക്കുന്ന കോടിക്കണക്കിനാളുകളിലേക്കു ലോകശ്രദ്ധയെത്താൻ ഈ പുരസ്കാരത്തിലൂടെ കഴിയും.ഒട്ടേറെ രാജ്യങ്ങളിൽ സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം ലഭ്യമാക്കുന്ന, ദാരിദ്ര്യത്തോട് സന്ധിയില്ലാപോരാട്ടം നടത്തുന്ന ലോക ഭക്ഷ്യപദ്ധതിക്ക് സമാധാനത്തിനുള്ള ഈ വർഷത്തെ നൊേബൽ സമ്മാനം നൽകുകവഴി നോർവീജിയൻ നൊബേൽ കമ്മിറ്റി മാനവരാശിക്കാകെ വലിയ സന്ദേശമാണ് നൽകുന്നത്. വിശപ്പാണ് ഏറ്റവും രൂക്ഷമായ അസമാധാനം. പട്ടിണിയായവർക്ക് ഭക്ഷണം ലഭ്യമാക്കുക, പോഷകാഹാരമില്ലാത്തവർക്ക് പോഷകാഹാzരം ലഭ്യമാക്കുക എന്നത് ഭരണകൂടങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വമാണെന്നതുപോലെ ധാർമികമായി എല്ലാവർക്കും ഉത്തരവാദിത്വമുള്ളതുമാണ്. പ്രകൃതിവിഭവങ്ങളും ഭക്ഷ്യവസ്തുക്കളും എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന സന്ദേശവും പുരസ്കാര ലബ്ധിയിൽ അടങ്ങിയിട്ടുണ്ട്.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment