ചെറുശ്ശേരിയെ
മറക്കുന്ന മലയാളി
മലയാളികൾ ഒരിക്കലും മറക്കാൻ പാടില്ലാത്ത പ്രാചീനകവികളിൽ ഒരാളാണ് ചെറുശ്ശേരി നമ്പൂതിരി.ക്രിസ്തുവർഷം 15-ാം. നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവിയാണ് . പ്രാചീന കവിത്രയത്തില്‍ അഗ്രഗണ്യനായ ചെറുശ്ശേരി നമ്പൂതിരിയുടെ ജന്മസ്ഥലം, ജീവിത കാലയളവ്, യഥാര്‍ഥ നാമധേയം എന്നിവയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ചെറുശ്ശേരി എന്നത് ഇല്ലപ്പേരാണ്. 1475-നും 1575-നും ഇടയ്ക്കാണ് അദ്ദേഹം ജീവിച്ചിരുന്നത് എന്ന് കരുതപ്പെടുന്നു.കൃഷ്ണഗാഥ എന്ന ഒറ്റ കാവ്യം കൊണ്ടുതന്നെ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മഹാകവിയാണ് ചെറുശ്ശേരി നമ്പൂതിരി. കൃഷ്ണന്റെ ജനനം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള കഥയാണ് കൃഷ്ണഗാഥയുടെ ഇതിവൃത്തം. സംഗീതാത്മകമായ മഞ്ജരിവൃത്തത്തിലാണ് കാവ്യം രചിച്ചിരിക്കുന്നത്.
ഉത്തരകേരളത്തിൽ പഴയ കുരുമ്പനാട് താലൂക്കിലെ വടകരയിൽ ചെറുശ്ശേരി ഇല്ലത്തിൽ ജനിച്ചു. അങ്ങനെ ഒരില്ലം ഇന്നില്ല. 18-ആം നൂറ്റാണ്ടിലുണ്ടായ മൈസൂർ പടയോട്ടക്കാലത്ത് ഉത്തരകേരളത്തിൽനിന്ന് അനേകം നമ്പൂതിരി കുടുംബങ്ങൾ സ്ഥലം വിട്ടു. കൂട്ടത്തിൽ നശിച്ചുപോയതാവണം ചെറുശ്ശേരി ഇല്ലം. ചെറുശ്ശേരി ഇല്ലം പുനം ഇല്ലത്തിൽ ലയിച്ചുവെന്നും ഒരഭിപ്രായമുണ്ട്. കൃഷ്ണഗാഥയുടെ കർത്താവ് ചെറുശ്ശേരി നമ്പൂതിരിയാണെന്ന് 1881-ൽ പുറത്തിറങ്ങിയ ഭാഷാചരിത്രത്തിൽ പി.ഗോവിന്ദപ്പിള്ള അഭിപ്രായപ്പെട്ടിരിക്കുന്നു.കോലത്തുനാടു ഭരിച്ചിരുന്ന ഉദയവർമന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി നമ്പൂതിരി. ഭക്തി, ഫലിതം, ശൃംഗാരം എന്നീ ഭാവങ്ങളാണു ചെറുശ്ശേരിയുടെ കാവ്യങ്ങളിൽ ദർശിക്കാനാവുന്നത്.
മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാൻ കഴിയുന്നത് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന മനോഹര കൃതിയിലൂടെയാണ്. സംസ്കൃത പദങ്ങളും തമിഴ് പദങ്ങളും ഏറെക്കുറെ ഉപേക്ഷിച്ച് ശുദ്ധമായ മലയാള ഭാഷയിലാണു കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാളത്തിന്റെ ചരിത്രത്തിൽ കൃഷ്ണഗാഥയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്. കോലത്തിരി രാജാവായ ഉദയവർമന്റെ ആജ്ഞപ്രകാരമാണ്
താൻ കൃഷ്ണഗാഥ രചിച്ചതെന്ന് കവി തന്നെ പറയുന്നുണ്ടല്ലോ.കേരളത്തിൽ ചെറുശ്ശേരിക്ക് ഉചിതമായ ഒരു സ്മാരകം പണിയാൻ മലയാളികൾക്ക് ഇതുവരെ
കഴിഞ്ഞിട്ടില്ല . സ്മാരകം നിർമ്മിക്കാൻ സർക്കാരും സാംസ്കാരിക സമൂഹവും മുന്നോട്ടു വരണം
.മൺമറഞ്ഞു പോയ സാഹിത്യകാരന്മാരുടെയും സാംസ്ക്കാരിക
നായകരുടെയും ഒരു
സ്വപ്നമാണ് ചെറുശ്ശേരിയുടെ സ്മാരകം
.
ഒരർഥത്തിൽ ആധുനിക കവികളുടെ ഭാഷ ചെറുശ്ശേരിയിൽനിന്ന് കടംകൊണ്ടതാണ്. മലയാളത്തിലെ ആദ്യമഹാകവിയെ നാം മറന്നുവോ?. എഴുത്തച്ഛൻ പുരസ്കാരംപോലെ ചെറുശ്ശേരി പുരസ്കാരവും ഏർപ്പെടുത്തണം. സാംസ്കാരിക വകുപ്പും സാംസ്കാരിക പ്രവർത്തകരും ഒരുമിച്ച് പ്രവർത്തിച്ചാൽ ചെറുശ്ശേരി സ്മാരകം പ്രാവർത്തികമാവും. സ്മാരകത്തിനുവേണ്ടി നമുക്ക് പ്രവർത്തിക്കാം
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment